രാഷ്ട്രീയ ലോക്ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിങ് അന്തരിച്ചു

  • 06/05/2021



ലഖ്നൗ: രാഷ്ട്രീയ ലോക്ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഏപ്രിൽ 20ന് അർജിത് സിങിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

രോഗം ഗുരുതരമായ അജിത് സിങിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന്റെ മകനാണ് ചൗധരി അജിത് സിങ്. ഖരഗ്പൂർ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അജിത് സിങ്ങ് ഷിക്കാഗോയിൽ ഉപരിപഠനം നേടി. 15 വർഷം അമേരിക്കയിൽ കംപ്യൂട്ടർ മേഖലയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിലെത്തി രാഷ്ട്രീയത്തിൽ സജീവമായത്.

1986 ൽ രാജ്യസഭാംഗമായി. കുടുംബത്തിനൊപ്പം എക്കാലവും ഉറച്ചുനിന്ന യുപിയിലെ ബാഗ്പത്ത് മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ലോക്സഭാംഗമായി. പടിഞ്ഞാറൻ യുപിയിലെ ജാട്ട് വോട്ടുബാങ്കായിരുന്നു അജിത് സിങ്ങിന്റെയും ആർഎൽഡിയുടേയും കരുത്ത്. തരാതരം പോലെ കോൺഗ്രസുമായും ബിജെപിയുമായും സമാജ് വാദി പാർട്ടിയുമായും സഖ്യമുണ്ടാക്കി അദ്ദേഹം അധികാരത്തിന്റെ ഭാഗമായി.

വി.പി സിങ് സർക്കാരിൽ വ്യവസായ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധാകേന്ദ്രമായി. നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരിക്കെ 1996 ൽ രാജിവച്ചു. പിന്നീടാണ് ആർഎൽഡി രൂപവത്കരിച്ചത്. 2001 ൽ വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി. 2003 വരെ എൻഡിഎയുടെ ഭാഗമായിരുന്ന അജിത് സിങ് പിന്നീട് യുപിയുടെ ഭാഗമായി. രണ്ടാം യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായി.

Related News