ആർട്ടിക്കിൾ 19 ജനങ്ങൾക്ക് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നൽകുന്നത്, മാദ്ധ്യമ റിപ്പോർട്ടുകളെക്കുറിച്ചുള്ള പരാതികൾ അവസാനിപ്പിക്കൂ; സുപ്രീം കോടതി

  • 06/05/2021

ന്യൂ ഡെൽഹി: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്ന് ഇലക്ഷൻ കമ്മീഷൻ പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ആർട്ടിക്കിൾ 19 ജനങ്ങൾക്ക് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നൽകുന്നത്, ഈ അവകാശം മാദ്ധ്യമങ്ങൾക്കും നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ജുഡീഷ്യറിക്ക് ഉത്തരവാദിത്തം നിർവഹിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയുടെ പരാമർശം കഠിനമാണെന്നും, ജുഡീഷ്യൽ സംയമനം ആവശ്യമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.'ഭരണഘടനാ ധാർമ്മികതയ്ക്ക് ജുഡീഷ്യൽ ഭാഷ പ്രധാനമാണ്. ജുഡീഷ്യൽ അവലോകനത്തിന്റെ ശക്തി വളരെ ഉയർന്നതാണ്, അത് ഒരു അടിസ്ഥാന ഘടന സൃഷ്ടിക്കുന്നു,' സുപ്രീം കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്രമാണ് ഉത്തരവാദിയെന്നും, അവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഏപ്രിൽ 26ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പരാമർശങ്ങൾ കമ്മീഷനെ മോശമാക്കുന്നതാണെന്നും നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്നും കാണിച്ച്‌ ഇലക്ഷൻ കമ്മീഷൻ ഹർജി നൽകിയത്.

Related News