കർണാടകയിൽ 14 ദിവസത്തെ സമ്ബൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

  • 07/05/2021


ബെംഗളൂരു: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ 14 ദിവസത്തെ സമ്ബൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 രാവിലെ ആറു മണി മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. നേരത്തെ കൊറോണ കർഫ്യൂ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപനം തടയുന്നതിൽ വിജയിക്കാത്തതിനാലാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'കോവിഡ് കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നതിനാൽ മെയ് 10 രാവിലെ ആറു മുതൽ മെയ് 24 വരെ സമ്ബൂർണലോക്ഡൗൺ പ്രഖ്യാപിക്കുന്നു'മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഹോട്ടലുകളും പബ്ബുകളും ബാറുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഭക്ഷണശാലകൾ, പച്ചക്കറിക്കടകൾ എന്നിവയ്ക്ക് രാവിലെ ആറു മുതൽ 10 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.

ലോക്ഡൗൺ സംസ്ഥാനത്ത് കർശനമായി നടപ്പാക്കുമെന്നും ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. കർണാടകയിൽ കോവിഡ് സജീവ കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നതിന്റെ തൊട്ടുപിന്നാലെയാണ് ലോക്ഡൗൺ പ്രഖ്യാപനം.

വ്യാഴാഴ്ച സംസ്ഥാനത്ത് 49,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകളുടെ എണ്ണം 5,17,075 ആയി ഉയർന്നു. ബെംഗളൂരു നഗരത്തിൽ മാത്രം 23,706 കോവിഡ് കേസുകളും 139 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കേരളത്തിൽ നാളെ മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവില ആറു മുതൽ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങൾ.

Related News