വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം പതിനാലര ലക്ഷം കടന്നു; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കുവാന്‍ ഒരുങ്ങി കുവൈത്ത്

  • 07/05/2021


കുവൈത്ത് സിറ്റി : രാജ്യത്ത്   ഇതുവരെയായി പതിനാല് ലക്ഷത്തി നാല്‍പ്പത്തിനായിരം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 38,000 പേര്‍ രണ്ട് ഡോസും  പൂര്‍ത്തിയാക്കിയിട്ടുണ്ട്.  വിദേശികളും സ്വദേശികളും ഉള്‍പ്പെടെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താല്‍ മാത്രമെ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുന്‍ഗണന പട്ടിക അനുസരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. പരാമാവധി ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമം. സെപ്തംബറോടെ ഭൂരിഭാഗം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

അതിനിടെ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിജിറ്റല്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നല്കുമെന്ന് അധികൃതര്‍ അറിയിച്ചു.രണ്ട് ഡോസ്  കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒരു ഡോസ് സ്വീകരിച്ച് അഞ്ചാഴ്ച കഴിഞ്ഞവര്‍ക്കും   , കോവിഡ് ബാധിച്ച് മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് നല്‍കും. വാക്സിനേഷൻ ബാച്ച് നമ്പർ, വാക്സിനേഷൻ നല്കിയ കേന്ദ്രം, പാസ്‌പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങള്‍ സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തും. ആദ്യത്തെ ഡോസ് ലഭിച്ചവർക്ക് ആപ്ലിക്കേഷൻ വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും പൂര്‍ണ്ണമായ സർട്ടിഫിക്കറ്റ്  രണ്ട് ഡോസിന് ശേഷമേ ലഭ്യമാവുകയുള്ളൂ. ഈദ് അൽ ഫിത്തർ അവധിക്ക് മുമ്പായി പതിനഞ്ച് ലക്ഷം ആളുകള്‍ക്ക് വാക്സിനേഷൻ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പെരുന്നാളിന് ശേഷം രാജ്യത്ത് ഏര്‍പ്പെടുത്തിയ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ അയവ് വരുത്തുവാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. അടുത്ത ദിവസം തന്നെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും. കോവിഡ് കുത്തിവെപ്പില്‍ രാജ്യം കൈവരിച്ച ക്രമാനുഗതമായ പുരോഗതിയെ തുടര്‍ന്നാണ് കര്‍ഫ്യൂ,യാത്രാ നിരോധനമടക്കമുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുവാന്‍ കാരണമെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന  ഇന്ത്യക്കാര്‍ അടക്കമുള്ള പതിനായിരക്കണക്കിന് വിദേശികള്‍ പ്രതീക്ഷയോടെയാണ് ഞായാറാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തെ കാത്തിരിക്കുന്നത്. 

Related News