രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷം: കേരളത്തിന് പുറമേ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലേയ്ക്ക്‌

  • 08/05/2021

ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിന് പുറമേ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലെയ്ക്ക്. ഡെൽഹി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.

രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഡെൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ആശ്വാസം ആവുകയാണ്. ഓക്സിജൻ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതൽപേർക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ സർക്കാർ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

കർണാടകത്തിൽ മെയ് 10 മുതൽ 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാൽ വാഹനങ്ങളിൽ കടകളിൽ പോകാൻ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം. 

കൊറോണ പശ്ചാത്തലത്തിൽ ഗോവയിൽ ഈമാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. പലചരക്ക് കടകൾ രാവിലെ 7 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രമാണ് ലഭ്യമാവുക.ഗോവയിൽ മരണ നിരക്ക് കൂടുകയാണെന്നും ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related News