സിഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സികോവ്-ഡിയ്ക്ക് അനുമതി ലഭിച്ചേക്കും

  • 08/05/2021



അഹമ്മദാബാദ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സികോവ്-ഡി (ZyCoV-D)ക്ക് അടിയന്തര ഉപയോഗത്തിന് അധികം താമസിക്കാതെ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സികോവ്-ഡിയുടെ അടിയന്തര ഉപയോഗത്തിന്റെ അംഗീകാരത്തിനായി സിഡസ് കാഡില ഈ മാസം ഇന്ത്യയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഈ മാസം തന്നെ അനുമതി ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

അനുമതി ലഭിച്ചാൽ, ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാകും കാഡിലയുടെ സികോവ്-ഡി. പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വാക്സിൻ ഉൽപാദനം പ്രതിമാസം 3-4 കോടി ഡോസായി ഉയർത്തുന്നതിനായി മറ്റ് രണ്ട് നിർമാണ കമ്പനികളുമായി ചർച്ചകളും നടത്തുന്നുണ്ട്.

കോവിഷീൽഡിനും കോവാക്‌സിനും പിന്നാലെ അഞ്ച് വാക്സിനുകൾക്ക് ഈ വർഷം തന്നെ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്പുട്നിക് വി വാക്‌സിന് കേന്ദ്ര സർക്കാർ അനുമതിയും നൽകി. ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നിവയാണ് പരിഗണിക്കുന്നത്.

Related News