ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥൻ
വൈറസ് ഇനിയും പടർന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതൽ തീവ്രമായ വകഭേദങ്ങളുണ്ടായാൽ ഇപ്പോഴത്തെ വാക്സിനുകൾക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്ഥിതിവരും. ജനിതകമാറ്റംവന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പലഘടകങ്ങളുമുണ്ടെന്നും അവർ പറഞ്ഞു.
ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെ പെടുത്തിയിരിക്കുന്നത്. വാക്സിനെടുത്തതുവഴിയോ ഒരിക്കൽ കൊറോണ ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാൻ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ പറഞ്ഞു.
അതിവേഗവ്യാപനത്തിനുകാരണം കൊറോണ പ്രതിരോധത്തിൽ ഇന്ത്യ കാണിച്ച അലംഭാവമാണ്. ആളുകൾ അടുത്തിടപെടാൻ ഇടയാകുന്ന വലിയ കൂട്ടായ്മകൾ നടന്നു. കൊറോണ കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്കിടുന്നതും മറ്റ് സുരക്ഷാനടപടികൾ സ്വീകരിക്കുന്നതും കുറച്ചു. അപ്പോൾ വൈറസ് നിശ്ശബ്ദമായി പടരുകയായിരുന്നു. ഇന്ത്യപോലെ വലിയൊരു രാജ്യത്ത് വൈറസ് പടർച്ച താണനിലയിലാവും നടക്കുക. അതാണ് കുറെ മാസങ്ങളിൽ സംഭവിച്ചത്.
സാവധാനം കൂടിവരുന്ന പകർച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകൾ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. അപ്പോഴേക്കും വൈറസ് ആയിരക്കണക്കിനുപേരെ ബാധിക്കുകയും തടയാനാവാത്തനിലയിൽ പെരുകുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വാക്സിനേഷൻകൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ലെന്ന് സൗമ്യ പറഞ്ഞു.
130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേർക്കുമാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ 70-80 ശതമാനംപേരെയും വാക്സിനേറ്റ് ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും. അത് മനസ്സിൽവെച്ചുകൊണ്ട് മാസ്ക് ധരിക്കലും ആളകലം പാലിക്കലുമുൾപ്പെടെ പരീക്ഷിച്ചുവിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണുവേണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?