രാജ്യ തലസ്ഥാനത്ത് പ്രതിസന്ധി അതിരൂക്ഷം: ഡോക്‌ടർമാർക്ക് കൂട്ടത്തോടെ കൊറോണ; മുതിർന്ന ശസ്ത്രക്രിയാ വിദഗ്ദ്ധൻ രോഗം ബാധിച്ച്‌ മരിച്ചു

  • 10/05/2021

ന്യൂ ഡെൽഹി: കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡെൽഹി സരോജ ആശുപത്രിയിൽ 80 ഡോക്‌ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു. മുപ്പത് വർഷത്തോളമായി ആശുപത്രിയിൽ പ്രവർത്തിച്ച്‌ വരുന്ന മുതിർന്ന ശസ്‌ത്രക്രിയാ വിദഗ്ദ്ധൻ കൊറോണ ബാധിച്ച്‌ മരണമടഞ്ഞു. ഇതോടെ ആശുപത്രിയിലെ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ആശുപത്രിയിൽ തന്നെ ചികിത്സയിലാണെന്നും 68 പേർ ഹോം ക്വാറന്റൈനിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ സീനിയർ ശസ്‌ത്രക്രിയാ വിദഗ്ദ്ധൻ ഡോ.എ.കെ റാവത്ത് ആണ് മരിച്ചത്. ഇതുവരെ സരോജ ആശുപത്രികളിൽ 300 ഡോക്‌ടർമാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡോക്‌ടർമാരുടെ കുറവ് മൂലം ആശുപത്രിയിൽ ഒ.പി അടച്ചു.

ഞായറാഴ്‌ച ഡെൽഹിയിലെ തന്നെ ജിടിബി ആശുപത്രിയിൽ ഒരു യുവ ഡോക്‌ടർ രോഗം മൂലം മരണമടഞ്ഞിരുന്നു. ഡോ.അനസ് മുജാഹിദ് (26) ആണ് രോഗം സ്ഥിരീകരിച്ച്‌ മണിക്കൂറുകൾക്കകം മരിച്ചത്.

ഞായറാഴ്‌ച ഡെൽഹിയിൽ 13,336 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 273 മരണങ്ങളും. പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നത്. 61,552 സാബിളുകളാണ് ഇന്നലെ പരിശോധിച്ചത്.

Related News