രാജ്യത്ത് ആറാം തവണയും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

  • 11/05/2021

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഇന്നലെ പെട്രോൾ ലിറ്ററിന് 26 പൈസയുടെയും ഡീസൽ ലിറ്ററിന് 35 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് വില.

കേരളമുൾപ്പടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ച മേയ് രണ്ടിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇന്ധനവില സർവ്വകാല റെക്കോർഡിലേക്കും എത്തിയിരുന്നു.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

Related News