ആകാശപാതകൾ വിജനമായപ്പോൾ ഇന്ത്യയുടെ വിവിഐപി വിമാനം പരീക്ഷണ പറക്കലിൽ

  • 11/05/2021

കണ്ണൂർ: പരീക്ഷണ പാറക്കലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിവിഐപി വിമാനമായ എയർ ഇന്ത്യ വൺ ആകാശപാതകൾ വിജനമായപ്പോൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് നിർബാധം പറന്നു പരീശീലിക്കുകയാണ്. വെറും 15 മിനിറ്റാണ് കണ്ണൂർ വിമാന താവളത്തിൽ ചിലവഴിച്ചത്. പൈലറ്റുമാർ ഉൾപ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

മിസൈൽ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുണ്ട് ഇവന്. അമേരിക്കയിൽ നിന്നും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി വാങ്ങിയ പ്രത്യേക വിമാനമാണ് ഇന്ത്യയുടെ വിവിഐപി വിമാനമായ എയർ ഇന്ത്യ വൺ.

ബോയിങ്ങിന്റെ 777– 300 ഇആർ മോഡൽ വിമാനം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിലെത്തിച്ചത്. മിസൈൽ രക്ഷാകവചം ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള വിമാനം വ്യോമസേന പൈലറ്റുമാരാണ് പറത്തുന്നത്. രണ്ടു വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്. ആകെ ചെലവ് 8400 കോടി രൂപ. 

നവംബർ അവസാനം രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവരുമായി ഡെൽഹിയിൽനിന്നു ചെന്നൈയിലേക്കു പറന്നുകൊണ്ടായിരുന്നു വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ്. യാത്രാവിമാന സർവീസുകൾ മുടക്കമില്ലാതെ നടക്കുന്ന സമയത്തും വിവിഐപി വിമാനങ്ങൾക്കു പ്രത്യേക പരിഗണനകൾ ലഭിക്കാറുണ്ടെങ്കിലും തിരക്കേറിയ വിമാനത്താവളങ്ങളിൽ പരീക്ഷണ പറക്കലിന് അനുമതി ലഭിക്കാൻ കാത്തിരിക്കേണ്ടിവരാറുണ്ട്. കൊറോണ സാഹചര്യത്തിൽ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയർ ഇന്ത്യ വൺ പരീക്ഷണാർഥം ഇറക്കുന്നുണ്ട്. വിമാന റാഞ്ചലോ മറ്റോ സംഭവിച്ചാൽ സുരക്ഷാർഥം പാർക്ക് ചെയ്യേണ്ട ഐസലേഷൻ പാർക്കിങ്ങിലും വിമാനം പാർക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്.  

അമേരിക്കൻ പ്രസിഡന്റിന്റെ ‘പറക്കുന്ന വൈറ്റ് ഹൗസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് എയർ ഇന്ത്യ വണ്ണിൽ ഒരുക്കിയിട്ടുുള്ളത്. മിസൈലുകൾ വഴിതെറ്റിച്ചു വിടാൻ കഴിവുള്ള സുരക്ഷാകവചം, ശത്രു റഡാറുകൾ സ്തംഭിപ്പിക്കാൻ കെൽപുള്ള ജാമറുകൾ, മിസൈലിന്റെ വരവ് മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുള്ള ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ വിമാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. 1300 കോടി രൂപയ്ക്കാണു മിസൈൽ കവചം യുഎസിൽനിന്നു വാങ്ങിയത്. വിവിഐപി യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (SPS) എന്നീ സംവിധാനങ്ങളോടെയാണ് യാത്ര. ഡൽഹിയിൽ നിന്നു യുഎസ് വരെ നിർത്താതെ പറക്കാനാകും. നേരത്തേ ഉപയോഗിച്ചിരുന്ന ബോയിങ് 737 വിമാനത്തിൽ ഒരിക്കൽ ഇന്ധനം നിറച്ചാൽ 10 മണിക്കൂർ വരെ പറക്കാനേ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ 17 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സാധിക്കും. 

Related News