കുവൈറ്റ് എയർപ്പോർട്ടിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5000 ആയി വർദ്ധിപ്പിക്കുന്നു.

  • 12/05/2021

കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തെ തുടർന്ന് കുവൈറ്റിലെയ്ക്ക്‌ വ്യോമ മാർഗം വരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവ് . ഈ മാസം 22 മുതൽ കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ടിൽ പ്രതിദിനം 5000 യാത്രക്കാർക്ക് എത്തിച്ചേരാമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽ രജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെയിത് 1000 യാത്രക്കാർക്കുമാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാജ്യത്തെ കൊറോണ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നിലവിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം തുടരുമെന്നും, ട്രാവൽ സ്റ്റേഷനുകളിൽ മാത്രമാണ് യാത്രക്കാരുടെ വർദ്ധനവ് എന്ന് അബ്ദുല്ല അൽ രജ്ഹി സൂചിപ്പിച്ചു, രാജ്യത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള  പട്ടികയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം, ബോസ്നിയ, തുർക്കിയിലെ ബോഡ്രം പോലുള്ള ചില പുതിയ സ്ഥലങ്ങളിലേക്കും യാത്ര അനുവദിക്കുന്നതിനും സാധ്യതയുണ്ടെന്നും പറഞ്ഞു.പുതിയ ഉത്തരവനുസരിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക്  വേനൽക്കാല വാണിജ്യ സർവീസുകൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.

വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എയർലൈൻ കമ്പനികൾക്ക് എയർ ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേഷനിൽ ഇത് സംബന്ധിച്ച്  കത്ത് അയച്ചതായും അബ്ദുല്ല അൽ രജ്ഹി പറഞ്ഞു. മന്ത്രിസഭ തീരുമാനം  അനുുസരിച്ച് പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന്  എയർ കാർഗോ വിമാനങ്ങൾ ഒഴികെ വിമാനസർവീസുകൾക്ക് അനുമതിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Related News