ഇന്ന് ചെറിയ പെരുന്നാൾ; കുവൈത്തിൽ നിയന്ത്രണങ്ങളോടെ ആഘോഷം.

  • 13/05/2021

കുവൈറ്റ് സിറ്റി : ഒരുമാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കുവൈത്തിൽ  നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ  ആഘോഷം, കോവിഡ്​ പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്കും ആഘോഷ പരിപാടികൾക്കും വിലക്ക് ​ നിലനിൽക്കുന്നുണ്ട്​. നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ നമസ്‌കാരങ്ങൾ നടന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്താനായി സുരക്ഷാ ഉദ്യോഗസ്ഥരുടെയും , ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു മിക്കയിടങ്ങളിലും പെരുന്നാൾ നമസ്കാരം .  

കഴിഞ്ഞ വർഷം കോവിഡ്​ പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്​കാരമെങ്കിൽ ഇത്തവണ 1500ലധികം പള്ളികളിലും 30 ഈദ് ​ ഗാഹുകളിലുമായാണ്  പുലർച്ചെ 5.12ന്  ​ പെരുന്നാൾ നമസ്കാരം നടന്നത് . നിയത്രണങ്ങൾ ഉണ്ടെങ്കിലും സ്വദേശികളും താമസക്കാരുമടക്കം വിശ്വാസികളുടെ  വലിയ ജന തിരക്കാണ് പെരുന്നാൾ നമസ്കാരത്തിന് അനുഭവപ്പെട്ടത് .

പെരുന്നാളിനോടനുബന്ധിച്ചു കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ ഈദ്‌ ആശംസകൾ നേര്‍ന്നു.  രാജ്യ നിവാസികള്‍ക്കും ഗള്‍ഫ് ഭരണാധികള്‍ക്കും ഗള്‍ഫിലെ എല്ലാ സഹോദരങ്ങള്‍ക്കും ഈദ് അല്‍ ഫിത്തര്‍ ആശംസിച്ച അമീര്‍ പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ദേശീയ താല്പര്യവും കൂട്ടായ പരിശ്രമവും അനിവാര്യമാണെന്നും ആഹ്വാനം ചെയ്തു.  കോവിഡ് പ്രതിരോധത്തിനായി കര്‍മരംഗത്തുള്ളവര്‍ രാജ്യത്തിന്റെ അഭിമാനമെന്നും ജീവന്‍ ബലിയര്‍പ്പിച്ച മുന്നണി പോരാളികളെ രാജ്യം എന്നും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് വ്യാപനത്തെത്തുടർന്ന്  കുവൈത്തിൽ മാസങ്ങളോളം നീണ്ടു നിന്ന ഭാഗിക കർഫ്യു ഇന്ന് പുലർച്ചയോടെയാണ്  അവസാനിച്ചത്, കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബുദുള്ള അൽ സനദ് സൂചിപ്പിച്ചു. 

Related News