പ്രവാസികൾക്ക് തിരിച്ചടി; റെസിഡന്‍സി കാലാവധി കഴിഞ്ഞവരോട് ഉടൻ കുവൈറ്റ് വിടാൻ നിർദ്ദേശം

  • 30/11/2020

കുവൈറ്റിൽ   റെസിഡന്‍സി കാലാവധി കഴിഞ്ഞവരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം നൽകി അധികൃതർ.   2020 ജനുവരി ഒന്നിനും അതിന് മുമ്പുമായി റെസിഡന്‍സ് കാലാവധി തീര്‍ന്ന പ്രവാസികളോടാണ്  രാജ്യം വിടാൻ നിർദ്ദേശം നൽകിയത്.  ഏകദേശം 1,30,000 പേർ അനധികൃത താമസക്കാരായി കുവൈറ്റിലുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധികൃതർ  അനുവദിച്ചിരിക്കുന്ന കാലയളവിനുള്ളില്‍ പിഴയടച്ച് റെസിഡൻസി പുതുക്കണമെന്നാണ് നിർദ്ദേശം.  എന്നാൽ  നിയമവിധേയമാക്കി നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്ന് അനധികൃത പ്രവാസികളോട് ഡെപ്യൂട്ടി പ്രധാനമന്ത്രി അനസ് അല്‍ സലെ മുന്നറിയിപ്പ് നൽകി. നിയമലംഘകരെ കണ്ടുപിടിച്ച് നാടുകടത്തുന്നതിന് മുമ്പായി ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്ന അവസാനത്തെ ഇളവാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് രാജ്യത്തുള്ള അനധികൃത താമസക്കാരെ നാടു കടത്തുന്നതിനോടൊപ്പം തിരിച്ച് കുവൈറ്റിലേക്ക് വരാനാകാത്ത വിധം കരിമ്പട്ടികയില്‍ പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. 


അതേസമയം,  വിസിറ്റ് വിസയിലുള്ളവരുടെ വിസ നവംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. നവംബര്‍ 30 അര്‍ധരാത്രി 12ന് മുമ്പായി അവര്‍ പുറപ്പെടണമെന്നാണ് നിര്‍ദ്ദേശം. ഇതിന് ശേഷം പോകുന്നവര്‍ക്ക് പ്രതിദിനം 2 കെ.ഡി പിഴ നല്‍കേണ്ടി വരും.
ലോക്കഡൗണ്‍ സമയത്ത് വിസിറ്റ് വിസാ കാലാവധി ഒന്നിലധികം നീട്ടിയ പശ്ചാത്തലത്തില്‍ ഇനി കാലാവധി നീട്ടി നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News