കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളുടെ മടങ്ങി വരവ്; രണ്ട് ഗഡുക്കളായി സ്പോൺസർമാർ ചെലവ് വഹിക്കണമെന്ന് നിർദ്ദേശം

  • 30/11/2020

കുവൈറ്റ് സിറ്റി; യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയതോടെ തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികളുടെ ചെലവ് രണ്ട് ഗഡുക്കളായി സ്പോൺസർമാർ വഹിക്കണമെന്ന് നിർദ്ദേശം. ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് വേണ്ടി സ്പോൺസർമാർ വഹിക്കുന്ന ചെലവ് പരമാവധി കുറയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. സ്പോൺസർമാർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പ്രധാനമായിട്ടും രണ്ട് തവണകളായിട്ടാണ് ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടുള്ള ചെലവ് സ്പോൺസർമാർ വഹിക്കേണ്ടത്.

 ഇതിൽ ആദ്യത്തേത് ​ഗാർഹിക തൊഴിലാളികളെ മടക്കികൊണ്ടുവരുന്നതിനുള്ള വിമാന സർവീസുകൾ ആരംഭിച്ചാൽ വിമാന ടിക്കറ്റ് സ്പോൺസർമാർ എടുക്കണം. പിന്നീട് ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങിവരുമെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ക്വാറന്റൈൻ, ഗതാഗതം, താമസം, ഭക്ഷണം, പിസിആർ പരിശോധന ഉൾപ്പെടെയുള്ള രണ്ടാം ഘട്ട ചെലവുകളും സ്പോൺസർമാർ വഹിക്കണം. അതേസമയം ചില അടിയന്തരഘട്ടങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് വൈകാനുള്ള സാധ്യതയുണ്ടെന്നും, 
കൊവിഡ് പശ്ചാത്തലത്തിൽ  ചിലപ്പോൾ പ്രവാസി ഗാർഹിക തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം സ്പോൺസർമാർ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News