കുവൈറ്റിൽ കൊവിഡ് വാക്സിൻ എത്തിയാലും 45 ശതമാനം പേർ സ്വീകരിക്കാൻ തയ്യാറാകില്ല

  • 01/12/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കുവൈറ്റിൽ ഫൈസർ അടക്കമുളള വാക്സിൻ എത്തിയാലും 45 ശതമാനത്തോളം പേർ വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് റിപ്പോർട്ട്. രാജ്യത്ത് വാക്സിൻ എത്തിച്ചേരുന്നതിന് മുന്നോടിയായി ആരോ​ഗ്യ മന്ത്രാലയം കമ്മ്യൂണിറ്റി അവബോധവുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10,000ത്തോളം പേർ പങ്കെടുത്ത സർവ്വേയിൽ 45 ശതമാനം പേരും കൊവിഡ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് ആരോ​ഗ്യമന്ത്രാലയം ജനങ്ങൾക്ക് പൊതുഅവബോധം നൽകുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും, ഇതിനെതിരെ പ്രാദേശിക തലങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനുമിടയാക്കിയിട്ടുണ്ട്. അതേസമയം, വാക്സിൻ എടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് വിശദീകരിച്ച് നൽകാൻ  പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഡോക്ടർമാരെ ഉപയോഗിച്ച് മന്ത്രാലയം ഔദ്യോഗിക ചാനലുകളിലൂടെ ഒരു വലിയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ട്. അല്ലാത്ത പക്ഷം രാജ്യത്ത് കൊവിഡ് വാക്സിൻ എത്തിയാലും ജനങ്ങൾ സ്വീകരിക്കാൻ തയ്യാറാകില്ല.

 ഫലപ്രാപ്തി തെളിയിച്ച  മൂന്ന് അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് 5,7 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രാഥമിക കരാറുകൾ ആരോഗ്യ മന്ത്രാലയം ഒപ്പുവച്ചിട്ടുണ്ട്. ഇത് രാജ്യത്തുളള പ്രവാസികൾക്ക് അടക്കം 2.8 ദശലക്ഷം ആളുകൾക്ക് തികയുമെന്നാണ് റിപ്പോർട്ട്.  ഫൈസറിൽ നിന്ന് ഒരു ദശലക്ഷം ഡോസ്, മോഡേണയിൽ നിന്ന് 1.7 ദശലക്ഷം,  ഓക്സ്ഫോർഡ്-അസസെനക്ക കമ്പനിയിൽ നിന്ന് 3 ദശലക്ഷം ഡോ‍സ് എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്യാൻ ആരോ​ഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്. അതേസമയം, വാക്സിന്റെ പ്രാധാന്യവും, അത് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതെയും കുറിച്ച് ജനങ്ങൾ ബോധിപ്പിക്കുക എന്നതാണ് അധികൃതർ അഭിമുഖീകരിക്കേണ്ട പ്രധാന വെല്ലുവിളി. 

Related News