കോവിഡ് 19; എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

  • 09/04/2020

തിരുവനന്തപുരം: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്കുമാണ് ഇവ നൽകുന്നത്. കഴിഞ്ഞ ദിവസം ആയിരം തെർമോമീറ്ററുകളാണ് ചൈനയിൽ നിന്നും എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെത്തിയത്. കോവിഡ് 19 രോഗലക്ഷണങ്ങളിൽ ശരീരോഷ്മാവ് പരിശോധനയ്ക്കും ഏറെ പ്രാധാന്യമുള്ളതിനാൽ തെർമോമീറ്ററുകൾ വാങ്ങി സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അനുമതിയും ലഭിച്ചിരുന്നു. മിലിട്ടറി, സി ആർ പി എഫ്, എയർ ഫോഴ്സ്, ശ്രീ ചിത്ര, ആർ സി സി തുടങ്ങിയ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്ക് ഇൻ ഹൗസ് ഡ്രഗ് ബാങ്കുവഴിയും മറ്റ് സർക്കാർ ആശുപത്രികൾക്ക് കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയുമാണ് വിതരണം ചെയ്യുന്നത്. അതിനായി 700 തെർമോമീറ്ററുകൾ മെഡിക്കൽ സർവീസ് കോർപറേഷന് നൽകും.
ഒരു തെർമോമീറ്ററിന് തിരുവനന്തപുരത്തെത്തുമ്പോഴുള്ള ചെലവുകൾ ഉൾപ്പെടെ 5950 രൂപയാണ് വില വരുന്നത്. വിവിധ സ്ഥാപനങ്ങൾക്ക് വെറും അഞ്ചു രൂപ കൂട്ടി 5955 രൂപയ്ക്കാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നും നൽകുന്നതെന്ന് ചീഫ് ഫാർമസിസ്റ്റ് ബിജു പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകില്ല. എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി വഴി ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വാങ്ങാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ വരദരാജൻ ഉൾപ്പെടെയുള്ളവർ തീരുമാനമെടുക്കുകയും 50 ലക്ഷം രൂപ മുൻകൂറായി അടയ്ക്കുകയും ചെയ്തതോടെയാണ് തെർമോമീറ്ററുകൾ ലഭ്യമായത്. ഇനി 3000 തെർമോമീറ്ററുകൾ കൂടി വാങ്ങാൻ പദ്ധതിയുണ്ട്. ചൈനയിൽ നിന്നും തിരുവനന്തപുരത്തെത്തുന്നതിനുണ്ടായ ചില സാങ്കേതിക തടസങ്ങൾ സാമൂഹ്യനീതി സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു.

Related News