മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഇ - പഠന വേദികള്‍ക്ക് അഞ്ചിരട്ടിയോളം സന്ദര്‍ശകര്‍ വര്‍ധിച്ചു.
സ്വയംപ്രഭ, ജ്ഞാന്‍ദര്‍ശന്‍ എന്നിവ പോലുള്ള വിദ്യാഭ്യാസ ടിവി ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് പഠിതാക്കളോട് കേന്ദ്ര എച്ച്.ആര്‍.ഡി. മന്ത്രി.
കോവിഡ് 19 ലോക്ഡൗണിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിന്‍ തുടര്‍ച്ച ലഭ്യമാക്കുന്നതിനും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇ-പഠനമേഖലയില്‍ വന്‍ കുതിപ്പ്. വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി നിരന്തരം വിഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധപ്പെട്ട് കേന്ദ്ര എച്ച്.ആര്‍.ഡി. മന്ത്രി ശ്രീ. രമേശ് പൊക്രിയാല്‍ നിശാങ്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പ്രതികരണങ്ങള്‍ തേടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
സ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവിധ രീതികള്‍ക്കു തുടക്കമിട്ടു. അവരുടെയും വിദ്യാര്‍ത്ഥികളുടെയും പക്കല്‍ ലഭ്യമായ ഇ-ഉപകരണങ്ങളെ ആശ്രയിച്ച് പഠനസാമഗ്രികള്‍ പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. സ്‌കൈപ്, സൂം, ഗൂഗ്ള്‍ ക്ലാസ്സ്റൂം, ഗൂഗ്ള്‍ ഹാങ്ങൗട്ട്, പ്ലാസാ തുടങ്ങിയ വേദികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നതിനും വാട്സാപ്, യൂട്യൂബ് എന്നിവ പ്രഭാഷണങ്ങളും കുറിപ്പുകളും അപ്ലോഡ് ചെയ്യുന്നതിനും സ്വയം, എന്‍പിടെല്‍ തുടങ്ങിയവ ഇ-പഠന ലിങ്കുകള്‍ പങ്കുവയ്ക്കുന്നതിനും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രവേശിക്കുന്നതിനും അധ്യാപകര്‍ ഉപയോഗിക്കുന്നു.
കേന്ദ്ര സര്‍വകലാശാലകള്‍, ഐ.ഐ.ടികള്‍, ഐ.ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍, ഐസര്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50 മുതല്‍ 60 ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ഇ-പഠന വേദികള്‍ ഉപയോഗിക്കുന്നവരാണ്. ഇന്റര്‍നെറ്റിന്റെ അഭാവവും മറ്റ് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും ഇ -പഠനത്തിനു തടസ്സമാകുന്ന നിരവധി സംഭവങ്ങളുണ്ട്. ഈ പ്രശ്നം ഒരു പരിധിവരെയെങ്കിലും മറികടക്കുന്നതിന് അധ്യാപകര്‍ സ്ലൈഡുകളും നോട്ടുകളുടെ കയ്യെഴുത്തു പകര്‍പ്പുകളും റെക്കോര്‍ഡ് ചെയ്ത പ്രഭാഷണങ്ങളും ഉള്‍പ്പെടെ കഴിയുന്നത്ര പഠന സാമഗ്രികള്‍ ലഭ്യമായ ഏതെങ്കിലും ഡിജിറ്റല്‍ സാധ്യത ഉപയോഗപ്പെടുത്തി പങ്കുവയ്ക്കുന്നുമുണ്ട്. ഹ്രസ്വകാലത്തേക്കു വന്നുപെട്ടിരിക്കുന്ന തടസ്സങ്ങള്‍ ഒരു കുട്ടിയെയും പഠനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നില്ല എന്ന് റെക്കോര്‍ഡ് ചെയ്ത ക്ലാസ്റൂം പ്രഭാഷണങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അധ്യാപകര്‍ അവരുമായി ഓണ്‍ലൈന്‍ ചാറ്റ് വേളകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ മാസം 20 മുതല്‍ എച്ച്.ആര്‍.ഡി. മന്ത്രാലയത്തിന്റെ വിവിധ ഇ-പഠന വേദികള്‍ക്ക് മുമ്പൊരിക്കലും ഇല്ലാത്ത വിധമുള്ള കുതിപ്പാണുള്ളത്; ഇവ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 1.4 കോടി കടന്നിരിക്കുന്നു. ദേശീയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വേദിയായ 'സ്വയം' ഇന്നലെ വരെ സമീപിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലധികമാണ്. ഇത് മാര്‍ച്ച് അവസാന ആഴ്ചയിലെ അമ്പതിനായിരം സന്ദര്‍ശകരുടെ അഞ്ച് ഇരട്ടിയാണ്. സ്വയം ഇ-പഠന വേദിയില്‍ ലഭ്യമായ 574 കോഴ്സുകളില്‍ ചേര്‍ന്നുകഴിഞ്ഞ 26 ലക്ഷത്തോളം പഠിതാക്കള്‍ക്കു പുറമേയാണ് ഇത്. സ്വയംപ്രഭ ഡി.ടി.എച്ച്. ടിവി ചാനലുകള്‍ പ്രതിദിനം കാണുന്നത് ഏകദേശം 59000 പേരാണ്; ലോക് ഡൗണ്‍ തുടങ്ങിയിട്ട് ഇതുവരെ 6.8 ലക്ഷത്തിലധികം പേര്‍ അത് കണ്ടു. മന്ത്രാലയത്തിനു കീഴിലുള്ള മറ്റ് ഏജന്‍സികളുടെ ഡിജിറ്റല്‍ വേദികള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും സമാനമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?