ബഹ്റൈനിൽ 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതുവരെ രോഗം കണ്ടെത്തിയത് 47 പേരില്‍

  • 01/03/2020

മനാമ: പുതിയതായി 6 പേര്‍ക്ക് കൂടി ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം, ഇതോടെ ബഹ്റൈനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി.

ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം കൂടിയതോടെ അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ഒറ്റ ദിവസം കൊണ്ട് ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനയാണ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. വിമാന സർവീസുകൾ നിർത്തി വെച്ചും വിദ്യാലയങ്ങൾ അടച്ചിട്ടും ആളുകൾ ഒന്നിച്ചു കൂടുന്ന സാഹചര്യം പരമാവധി കുറച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ബഹ്റൈനും കുവൈത്തും.

ഇറാൻ സന്ദർശനം നടത്തി തിരിച്ചെത്തിയവർക്കാണ് കൊറോണ പിടിപെട്ടത്. ഇവരെ സല്‍മാനിയയിലുള്ള ഇബ്രാഹീം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ ആശയ വിനിമയം തുടരുകയാണ്. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടാൻ പൂർണ സജ്ജമാണെന്ന് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ വ്യക്തമാക്കി.

Related News