ആരോഗ്യ മേഖലയിലെ പങ്കാളിത്തം; അംഗീകാരമായി കുവൈത്തിനെ ലോക ആരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി.

  • 14/05/2021

കുവൈത്ത് സിറ്റി: ആഗോളപരമായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതില്‍ കുവൈത്തിന്‍റെ പങ്കാളത്തത്തിന് അംഗീകാരമായി ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രത്യേക പേജ്. ലോകാരോഗ്യ സംഘടനയുമായുള്ള കുവൈത്തിന്‍റെ ശക്തവും ദൃഡവുമായ ബന്ധമാണ് പേജ് സൂചിപ്പിക്കുന്നതെന്ന് രാജ്യത്തിന്‍റെ യുഎന്നിലുള്ള സ്ഥിര പ്രതിനിധി ജമാല്‍ അല്‍ ഗുനൈം പറഞ്ഞു. 

ലോകമെമ്പാടും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെയും യെമൻ, സിറിയ, ലെബനൻ, ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘര്‍ഷബാധിതരെയും സഹായിക്കാനുള്ള കുവൈത്തിന്‍റെ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന ആദ്യ 20 രാജ്യങ്ങളില്‍ കുവൈത്തുമുണ്ട്. സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പദ്ധതികള്‍ കുവൈത്തുമായി ചേര്‍ന്ന് നടപ്പിലാക്കുമെന്ന് പേജില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

കൊവിഡ് 19 മഹാമാരിയോടും മീസിൽസ്, കോളറ, എബോള എന്നിവയുൾപ്പെടെയുള്ള മറ്റ് രോഗങ്ങളും ചെറുക്കാന്‍ ലോകാരോഗ്യ സംഘടനയോടൊപ്പം പ്രതികരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്നും പേജില്‍ പറയുന്നുണ്ട്.

Related News