ലോകാരോഗ്യ സംഘടനയുടെ കുവൈറ്റ് ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും

  • 15/05/2021

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള താത്പര്യം വ്യക്തമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. 1960 മെയില്‍ അംഗത്വം നേടി ആറ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ലോകാരോഗ്യ സംഘടനയുമായുള്ള കുവൈത്തിന്‍റെ ദൃഡമായ ബന്ധത്തില്‍ അഭിമാനമുണ്ടെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ ഹമൂദ് അല്‍ സബാഹ് പറഞ്ഞു. 

രാജ്യത്ത് ലോകാരോഗ്യ സംഘടനയ്ക്കായി ഒരു സ്ഥിരം ഓഫീസ് തുറക്കുന്നതിന്‍റെ തയാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ്. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സാധ്യമാകും. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ കുവൈത്തിന്‍റെ സഹകരണം വ്യക്തമാക്കുന്ന പേജ് അനുവദിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ലോകമെമ്പാടും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെയും യെമൻ, സിറിയ, ലെബനൻ, ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘര്‍ഷബാധിതരെയും സഹായിക്കാനുള്ള കുവൈത്തിന്‍റെ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന ആദ്യ 20 രാജ്യങ്ങളില്‍ കുവൈത്തുമുണ്ട്. സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പദ്ധതികള്‍ കുവൈത്തുമായി ചേര്‍ന്ന് നടപ്പിലാക്കുമെന്ന് പേജില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

Related News