കേന്ദ്ര സർക്കാരിനെ വിമർശിച്ച പ്രമുഖ വൈറോളജിസ്റ് ഷാഹിദ് ജമീൽ കൊറോണ വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു

  • 17/05/2021

ന്യൂഡെൽഹി: കൊറോണ വകഭേദങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഉപദേശക സമിതിയിൽ നിന്ന് സമിതിയുടെ തലവനും പ്രമുഖ വൈറോളജിസ്റ്റുമായ ഷാഹിദ് ജമീൽ രാജിവെച്ചു. കൊറോണവൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും സർക്കാറിന് നിർദേശം നൽകാനുമാണ് ഇന്ത്യൻ സാർസ്-കൊവി-2 ജെനോമിക്‌സ് കൺസോർഷ്യം സർക്കാർ രൂപീകരിച്ചത്.

താൻ ചെയ്തത് ശരിയായ കാര്യമാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും ഷാഹിദ് ജമീൽ പറഞ്ഞു. രാജിക്ക് ഒരു കാരണം പറയാൻ തനിക്ക് ബാധ്യതയില്ലെന്ന് അദ്ദേഹം റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ഷാഹിദ് ജമീലിന്റെ രാജിയിൽ ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യയിലെ ശാസ്ത്രജ്ഞർ ശാസ്ത്രീയ അടിത്തറയിലൂന്നിയ നയരൂപീകരണത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കൊറോണ പരിശോധനക്കുറവ്, വാക്‌സിനേഷൻ വേഗതക്കുറവ്, വാക്‌സീൻ ലഭ്യതക്കുറവ് എന്നീ വിഷയങ്ങളും ഷാഹിദ് ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ വിവരശേഖരണത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ നൽകണമെന്ന് 800ഓളം ശാസ്ത്രജ്ഞന്മാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ രണ്ടാം തരംഗം രൂക്ഷമാകാൻ കാരണമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാർച്ച് തുടക്കത്തിൽ തന്നെ വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ കേന്ദ്ര സർക്കാർ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related News