റെയിൽവെ ജീവനക്കാർക്കും സംസ്ഥാനങ്ങൾ വാക്സിൻ നൽകണമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ

  • 17/05/2021


ന്യൂ ഡെൽഹി: 18 നും 45 നും ഇടെ പ്രായമുള്ള റെയിൽവെ ജീവനക്കാർക്കും സംസ്ഥാനങ്ങൾ വാക്സിൻ നൽകണമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ സുനീത് ശർമ. 4.32 ലക്ഷം റെയിൽവെ ജീവനക്കാർക്ക് ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു. അവശേഷിക്കുന്നവർക്ക് സംസ്ഥാനങ്ങൾ വാക്സിൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്ന വാക്സിൻ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കും 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും മാത്രം നൽകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണിത്.

റെയിൽവെ ജീവനക്കാരെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് വിവിധ യൂണിയനുകൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മുൻഗണനാ വിഭാഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് മാത്രമെ കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ നൽകാവൂ എന്ന് നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. സംസ്ഥാനങ്ങൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് സ്വന്തം നിലയിൽ വാക്സിൻ സംഭരിച്ച് നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

45 വയസിനുമേൽ പ്രായമുള്ള ജീവനക്കാർക്കും മെഡിക്കൽ സ്റ്റാഫ്, ആർപിഎഫ് എന്നിവർക്കുമാണ് ആദ്യഘട്ടത്തിൽ റെയിൽവെ വാക്സിൻ നൽകിയത്. അത് വിജയകരമായി പൂർത്തിയായി. 18 നും 45 നുമിടെ പ്രായമുള്ള റെയിൽവെ ജീവനക്കാർക്കാണ് ഇനി വാക്സിൻ ലഭിക്കാനുള്ളത്. അവർക്ക് എത്രയും വേഗം വാക്സിൻ കുത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനങ്ങളിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നതും ഓക്സിജൻ എക്സ്പ്രസ് തീവണ്ടികൾ ഓടിക്കുന്നതും യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതും റെയിൽവെ ആണ്. അതിനാൽ റെയിൽവെ ജീവനക്കാരുടെ വാക്സിൻ കുത്തിവെപ്പ് എത്രയുംവേഗം നടത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. റെയിൽവെ ജീവനക്കാരുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും പ്രശ്നത്തിന് എത്രയുംവേഗം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News