രാജ്യത്ത് സ്പുട്നിക് വാക്സീന്‍ നല്‍കിത്തുടങ്ങി; ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ വാക്സിനേഷന്‍ ആരംഭിച്ചു

  • 17/05/2021

ന്യൂ ഡെൽഹി: റഷ്യന്‍ നിർമ്മിത വാക്സീന്‍ സ്പുട്നിക് വി രാജ്യത്ത് നല്‍കിത്തുടങ്ങി. ഹൈദരബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകൾ നല്‍കിത്തുടങ്ങിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വാക്സീന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. തെലങ്കാനയില്‍ കൂടാതെ നാളെ ആന്ധ്രാപ്രദേശിലും സ്പുട്നിക് വാക്സിനേഷന്‍ ആരംഭിക്കുന്നുണ്ട്. 

കോവിന്‍ ആപ്പ് വഴി രജിസ്റ്റ‍ർ ചെയ്തവർക്ക് മാത്രമാണ് വാക്സീന്‍ നല്‍കുക. രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക് വി. ഡെല്‍ഹിയും ബെംഗളൂരുവു മടക്കമുള്ള സ്ഥലങ്ങളില്‍ വാക്സീന്‍ വൈകാതെ നല്‍കിത്തുടങ്ങുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു.  2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്. 

പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.

Related News