കൊറോണ രണ്ടാം തരംഗത്തിൽ രാജ്യത്തിന് നഷ്ടമായത് 269 ഡോക്ടർമാർ: ഐഎംഎ

  • 18/05/2021

ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ കൊറോണ മൂലം നഷ്ടമായ ഡോക്ടർമാർ 269 പേരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണ രണ്ടാം തരംഗത്തിലാണ് ഇത്രയധികം ഡോക്ടർമാർ മരണപ്പെട്ടത്. 

സംസ്ഥാനം തോറുമുള്ള കണക്കാണ് ഐഎംഎ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്.

ബിഹാറില്‍ 78 ഡോക്ടര്‍മാരും ഉത്തര്‍ പ്രദേശില്‍ 37 ഡോക്ടര്‍മാരും കോറോണയ്ക്ക്‌ ഇരയായി. രണ്ടാം തരംഗം സാരമായി വലച്ച ഡെൽഹിയിൽ 28 ഡോക്ടര്‍മാരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കൊറോണ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് മരിച്ചതെന്നും ഐഎംഎയുടെ കണക്ക് വിശദമാക്കുന്നു. ആയിരത്തോളം ഡോക്ടര്‍മാരാണ് രാജ്യത്തിന് നഷ്ടമായതെന്ന് പറയുന്ന ഐഎംഎ ശരിക്കുള്ള കണക്ക് ഇതിലധികമാണെന്നാണ് നിരീക്ഷിക്കുന്നത്.

അസോസിയേഷനില്‍ അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും ഇന്ത്യയില്‍ 12 ലക്ഷത്തോളം ഡോക്ടര്‍മാരുണ്ടെ ന്നുമാണ് ഐഎംഎയുടെ നിരീക്ഷണം. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം പൂര്‍ണമായതെന്നും ഐഎംഎ പറയുന്നു.

Related News