അധ്യാപക ക്ഷാമം രൂക്ഷം; പ്രതിസന്ധിയിലായി കുവൈത്തിലെ ഇന്ത്യൻ സ്കൂളുകള്‍

  • 20/05/2021

കുവൈത്ത് സിറ്റി : കൊവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കാനിരിക്കെയാണ് ജീവനക്കാരില്ലാതെ ഇന്ത്യൻ സ്കൂളുകള്‍  ബുദ്ധിമുട്ടുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ അവധിക്കായി  പോയ നൂറുക്കണക്കിന് അദ്ധ്യാപകരും ജീവനക്കാരുമാണ് നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. അതോടപ്പം നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലരും ജൂണ്‍ ജൂലായ് മാസത്തില്‍  നാട്ടിലേക്ക്  മടങ്ങാൻ ആലോചിക്കുന്നതും സ്കൂളുകളെ കൂടുതല്‍  പ്രതിസന്ധിയിലാക്കുന്നുണ്ട്. 

രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളുടെ അധ്യയന വർഷം ആദ്യ ടേം  ജൂൺ 10 ന് അവസാനിക്കും, രണ്ടാമത്തേ സെമെസ്റ്റര്‍ സെപ്റ്റംബറിൽ തുടങ്ങി  ഡിസംബറിലും  മൂന്നാം സെമെസ്റ്റര്‍ മാര്‍ച്ചിലുമാണ് അവസാനിക്കുക.കോവിഡ് പാശ്ചാത്തലത്തില്‍  ഓണ്‍ലൈനായി ക്ലാസ്സുകള്‍ നടക്കുന്നതിനാല്‍ നിലവിലെ അധ്യാപകക്ഷാമം തല്‍ക്കാലികമായി പരിഹരിക്കാമെങ്കിലും സെപ്റ്റംബറിൽ സ്കൂള്‍ തുറന്നാല്‍ വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അദ്ധ്യാപകരില്‍ ചിലരുടെ  താമസ കാലാവധി തീര്‍ന്നതും മടങ്ങിവരവിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന  അദ്ധ്യാപകരെ തിരികെ കൊണ്ടുവരുവാന്‍ സ്വതര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് കുവൈത്തിലേക്ക് തിരികെ പ്രവേശിക്കാനായി എൻട്രി വിസ നല്കുവാന്‍ നേരത്തെ വിദ്യാഭ്യാസ മന്ത്രി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. 

കോവിഡ് പശ്ചാത്തലത്തിൽ  ഇന്ത്യൻ സ്കൂളുകളിൽ നിന്ന് നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ്  ഒഴിഞ്ഞ് പോകുന്നത്.  മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നും മറ്റും കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം.കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി  ബാധിക്കുവാന്‍ സാധ്യതയുണ്ടെന്ന് മാനജേമെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. 

Related News