വിദേശകാര്യമന്ത്രി അമേരിക്കയിലേക്ക്; കൊറോണ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു

  • 21/05/2021

ന്യൂ ഡെൽഹി: ആഗോളതലത്തിലെ ഇന്ത്യക്കായുള്ള സഹായം വേഗത്തിലാക്കാൻ വിദേശകാര്യവകുപ്പ് സംവിധാനമൊരുക്കുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കയിലേക്ക് ഉടൻ യാത്രതിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 24 മുതൽ 28 വരെയാണ് അമേരിക്കൻ സന്ദർശനം തീരുമാനിച്ചിട്ടുള്ളത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ വാക്സിൻ ലഭിക്കുന്ന കാര്യവും ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തും.

അമേരിക്കൻ യാത്രയുടെ ഭാഗമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻറേണിയോ ഗുട്ടാറസുമായി എസ്.ജയശങ്കറിൻറെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കും ഒപ്പം ദരിദ്രരാജ്യങ്ങൾക്കും നൽകിയ സഹായങ്ങളെ ഗുട്ടാറസ് ഏറെ പ്രശംസിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ നിലവിലെ രോഗവ്യാപന തീവ്രത കുറയ്ക്കാൻ ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്നും നിർദ്ദേശം നൽകിയിരുന്നു.

അമേരിക്കയിലെ നിരവധി സ്ഥാപനങ്ങളുമായുള്ള ഇന്ത്യയുടെ വാക്സിൻ നിർമ്മാണത്തിന് ‍ ഉടൻ തീരുമാനം ഉണ്ടാകുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ത്യക്കായി അമേരിക്കയുടെ കരുതൽ ശേഖരത്തിലെ 6 കോടി വാക്സിൻ ലഭ്യമാക്കണമെന്ന് ജനപ്രതിനിധികൾ അഭ്യർത്ഥിച്ചിരുന്നു.

Related News