കൊവാക്സിനെക്കാൾ ഫലപ്രാപ്തി കൊവിഷീൽഡിന് ; ഐ.സി.എം.ആർ

  • 21/05/2021

ന്യൂ ഡെൽഹി: രാജ്യത്ത് നിർമ്മിക്കുന്ന കൊറോണ വാക്സിനുകളിൽ നിർണ്ണായക നിരീക്ഷണവുമായി ഐ.സി.എം.ആർ. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്സിന് ഭാരത് ബയോടെക്കിന്റെ കൊവാക്സിനെക്കാൾ ഫലപ്രാപ്തിയുണ്ടെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി. കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തതിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ഇടവേള മൂന്ന് മാസം വരെ നീട്ടിയത് വാക്സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനാണെന്നും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടുന്നു.

കൊവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടിയത് ആദ്യ ഡോസിന്റെ ശക്തി വർധിക്കാനും കൂടുതൽ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നൽകും. അതേസമയം, കൊവാക്സിന്റെ കാര്യം നേരെ തിരിച്ചാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ല. ഉടൻ തന്നെ രണ്ടാമത്തെ വാക്സിൻ എടുത്താലേ പൂർണ പ്രതിരോധ ശേഷി ലഭിക്കൂ.

ഇത് രണ്ടാം തവണയാണ് കൊവിഷീൽഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്. കൊവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തലെന്നും, കൊറോണ മുക്തരായവർക്ക് ആറുമാസത്തിന് ശേഷം വാക്‌സിൻ നൽകിയാൽ മതിയെന്നും ഐ.സി.എം.ആർ തലവൻ ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി.

Related News