സ്വകാര്യസ്ഥാനപങ്ങൾക്ക് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് നിബന്ധനയോടെ അനുമതി

  • 22/04/2020

കുവൈത്ത് സിറ്റി : സ്വകാര്യസ്ഥാനപങ്ങൾക്ക് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് നിബന്ധനയോടെ അനുമതി നല്‍കിയതായും ഇതിനായി തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 28 ൽ ഭേദഗതി വരുത്താൻ കുവൈറ്റ് സർക്കാർ ആലോചിക്കുന്നതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.സ്വകാര്യസ്ഥാനപങ്ങൾക്ക് ജീവനക്കാരെ പിരിച്ചുവിടുന്നതിനും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും നിർബന്ധിത അവധി നൽകുന്നതിനും അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരുന്നു. പുതിയ നിര്‍ദ്ദേശമനുസരിച്ച് തൊഴിലുടമകള്‍ക്ക് തൊഴിലാളിയുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ ശമ്പളത്തില്‍ ഏറ്റകുറച്ചില്‍ വരുത്തുവാന്‍ കഴിയുകയുള്ളൂ. പൊതു നിയമത്തിന് വിരുദ്ധമാവുകയാണെങ്കില്‍ കോടതികളിലൂടെ തൊഴിലാളികള്‍ക്ക് കരാര്‍ റദ്ദാക്കുവാന്‍ സാധിക്കും. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മിക്ക സ്ഥാപനങ്ങളും സാമ്പത്തികമായ പ്രതിസന്ധിയിലാണുള്ളത്. ഗള്‍ഫ് മേഖല മുഴുവന്‍ സാമ്പത്തിക അസ്ഥിരത തുടരുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കടകൾ അടച്ചിടുകയും ബസുകളും ടാക്​സിയും നിർത്തുകയും ചെയ്​തതോടെ നിരവധി പേരാണ്​ ജോലിയില്ലാതെ ദുരിതത്തിലായത്​. അതിനിടെ ഗൾഫ് രാജ്യങ്ങളിൽ മലയാളികളുൾപ്പെടെ ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെട്ടു തുടങ്ങി.വ്യോമയാനം, വിനോദസഞ്ചാരം മുതൽ നിർമാണമേഖലയിൽ വരെ പിരിച്ചുവിടീലും വേതനം വെട്ടിക്കുറയ്ക്കുന്നതും വെല്ലുവിളിയാണ്. വരും മാസങ്ങളിൽ കൂടുതൽ പേരുടെ ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. നിലവിൽ റിക്രൂട്മെൻറുകൾ നടക്കാത്തതും ജോലി നഷ്ടപ്പെട്ടവർക്കു തിരിച്ചടിയാണ്.

Related News