പ്രവാസികളുടെ മൃതദേഹങ്ങളോടും കേന്ദ്രത്തിന്റെ അവഗണന, മൃതദേഹങ്ങൾകൊണ്ടു പോകുന്നതിന് കേന്ദ്രസർക്കാരിൻറെ അപ്രഖ്യാപിത വിലക്ക്.

  • 23/04/2020

കുവൈറ്റ് : ഗൾഫിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു കേന്ദ്രസർക്കാരിൻറെ അപ്രഖ്യാപിത വിലക്ക്. ആഭ്യന്തരമന്ത്രാലയത്തിൻറെ ഇടപെടൽ കാരണമാണ് നിയന്ത്രണമെന്നാണ് വ്യോമയാന ഉദ്യോഗസ്ഥരുടെ പ്രതികരണം. കോവിഡിനെത്തുടർന്നു യാത്രാവിമാനങ്ങൾക്കു വിലക്കുള്ളതിനാൽ കാർഗോ വിമാനത്തിലാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നത് ഇതിനാണ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്. കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞ ആലപ്പുഴ മാവേലിക്കര സ്വദേശി വർഗ്ഗീസ്‌ ഫിലിപ്പ്‌ , കോഴിക്കോട്‌ മണിയൂർ സ്വദേശി വിനോദ്‌ എന്നിവരുടെ മൃതദേഹം ഇന്ന് ഖത്തർ എയർ വെയ്സ്‌ വഴി ഇന്ത്യയിലേക്ക്‌ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു, എന്നാൽ അവസാന നിമിഷമാണ് വിമാന കമ്പനി അധികൃതർ അനുമതി നിഷേധിച്ചത് . ഇവരുടെ മരണം സാധാരണ മരണമാണെന്നും കൊറോണ ബാധിച്ചല്ല എന്നും ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതാണ് എന്നിട്ടും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത് മുടങ്ങുകയായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ്, കുവൈറ്റ് പൊലീസ് എന്നിവരുടെ അനുമതിക്കു ശേഷം എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹങ്ങളാണ് നാട്ടിലേക്കു കൊണ്ടുപോകാനാകാതെ കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയത്. മൃതദേഹങ്ങൾ വിമാനത്താവളങ്ങളിലെത്തിക്കുന്നതിൻറെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം വരാത്തതിനാൽ ഇപ്പോൾ മൃതദേഹങ്ങൾ സ്വീകരിക്കാനാവില്ല എന്നാണ് വ്യോമയാന ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും ഖത്തർ ഐർവേസ്‌ വഴി നാട്ടിലേക്കയച്ച ചെന്നൈ സ്വദേശിയുടെയും ഡൽഹി സ്വദേശിയുടെയും മൃതദേഹങ്ങൾ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്, കൂടാതെ കുവൈത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഒൻപതോളം മൃതദേഹങ്ങളും അടുത്ത ദിവസം നാട്ടിലേക്കയക്കുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം, പ്രവാസികളുടെ മൃതദേഹങ്ങളോടു പോലും കടുത്ത അവഗണന കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത്തരമൊരു നിർദേശം പിൻവലിക്കണമെന്നുമാണ് പ്രവാസലോകത്തിൻറെ ആവശ്യം. പ്രവാസികളോടും, പ്രവാസികളുടെ മൃതദേഹങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പ്രവാസലോകത്തു ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തിൽ കുവൈത്തിലെ വിവിധ സംഘടകൾ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും, പരാതികൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related News