കുവൈത്തിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യതയെന്ന് വാര്‍ത്തകള്‍

  • 26/04/2020

കുവൈത്ത് സിറ്റി: കോവിഡ് 19 നെ പ്രതിരോധിക്കാൻ കുവൈത്തിൽ പ്രഖ്യാപിച്ച ഭാഗിക കർഫ്യൂ ലഘൂകരിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തേക്കിറങ്ങരുതെന്ന നിർദേശം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് കുവൈത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. മാര്‍ച്ച് 22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല കര്‍ഫ്യു കഴിഞ്ഞ ദിവസമാണ് മെയ് 28 വരെ നീട്ടിയത്. സ്വകാര്യ ക്ലിനിക്കുകള്‍ക്കും ലബോറട്ടറികള്‍ക്കും നിബദ്ധനയോടെ പ്രവര്‍ത്തിക്കുവാനും സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക് ഷോപ്പുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുവാനും സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. കഴിഞ്ഞ ദിവസം വാര്‍ത്താ ലേഖകരുമായി സംസാരിക്കേ കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പെരുന്നാളിന് ശേഷം ക്രമേണ ലഘൂകരിക്കുന്നതിന്​ ശ്രമം നടക്കുന്നുവെന്ന്​ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കിയിരുന്നു. അതിനിടെ കോവിഡ് കേസുകള്‍ അധികരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് അതീവ ജാഗ്രതയോടുകൂടിയും ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിലുമായിരിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related News