കുവൈത്ത് സിറ്റി: പൊതുമാപ്പിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും ഭൂരിഭാഗം അനധികൃത താമസക്കാരും പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കുന്നില്ലെന്നു പാര്‍ലിമെന്റ് സ്പീക്കര്‍ മർസൂഖ് അൽ ഗാനിം അഭിപ്രായപ്പെട്ടു. കുവൈത്തില്‍ ഏകദേശം ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെ അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും സമാനമായ അഭിപ്രായമാണ് ഉയര്‍ന്ന് വന്നത്. യോഗത്തില്‍ വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ്, സാമൂഹ്യകാര്യ മന്ത്രി മറിയം അൽ അഖീൽ, നിരവധി പാര്‍ലിമെന്‍റ് അംഗങ്ങളും പങ്കെടുത്തു. വിദേശങ്ങളില്‍ നിന്ന് സ്വദേശികളെ തിരികെ കൊണ്ടുവരുന്ന വിഷയവും കൊറോണ പ്രതിരോധ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
രാജ്യത്തു വിസാ നിയമം ലംഘിച്ച വിദേശ തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് പ്രധാന കാരണം വിസ കച്ചവടക്കാരാണ്. അനധികൃതമായി വന്‍ തുക കൊടുത്ത് വിസ വാങ്ങുന്നത് നിയമ വിരുദ്ധമാണെന്നും അത്തരത്തില്‍ വിസ വാങ്ങി കുവൈത്തില്‍ എത്തുവാന്‍ വിദേശികള്‍ ശ്രമിക്കുന്നതും അനധികൃതമാണെന്നും സ്പീക്കര്‍ പറഞ്ഞു. വിസ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മനുഷ്യക്കടത്തുകാരെ ഉന്മൂലനം ചെയ്യുന്നതിനുമായി പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചതിന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിനോട് മർസൂഖ് അൽ ഗാനിം നന്ദി പറഞ്ഞു. വിസ കച്ചവടം ഒരു രീതിയിലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ലെന്നും രാജ്യത്തിന് മൊത്തം അപമാനമായ ഇത്തരം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും പ്രത്യേക അന്വേഷണ സമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അതോടപ്പം നഴ്‌സിങ് മേഖലയിൽ സ്വദേശികളെ പ്രോസാല്‍ഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാനും വർഷത്തിൽ 500 നഴ്‌സുമാരെയെങ്കിലും വാര്‍ത്തെടുക്കാനും നഴ്‌സിംഗ് പഠനത്തിനായി ഫാക്കൽറ്റി സ്ഥാപിക്കണമെന്നും പാര്‍ലിമെന്‍റ് അംഗങളായ ഒസാമ അൽ ഷഹീൻ, മുഹമ്മദ് അൽ ദല്ലാൽ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
അതിനിടെ പൊതുമാപ്പ് രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാല്‍ പൊതുമാപ്പ് നീട്ടാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. പാസ്പോർട്ട് കൈവശമുള്ള 5000 ത്തോളം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പാസ്പോർട്ട് ഇല്ലാത്ത 7000ത്തിന് മുകളിൽ ഇന്ത്യക്കാർ രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്. ഇവർക്ക് ഇന്ത്യൻ എംബസിയുടെ ഔട്ട്പാസ് വിതരണം പുരോഗമിക്കുന്നുണ്ടന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?