കുവൈത്തിൽ മാളുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യവുമായി സ്ഥാപന ഉടമകൾ

  • 24/05/2021

കുവൈത്ത് സിറ്റി: മാളുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന ആവശ്യവുമായി കടയുടമകള്‍. രാത്രി 10 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിലവില്‍ എട്ട് മണി വരെയാണ് അനുമതിയുള്ളത്. റസ്റ്ററെന്‍റുകള്‍ക്കും കഫേകള്‍ക്കും ഇങ്ങനെ ഒരു തീരുമാനം വന്നാല്‍ സഹായകരമായിരിക്കും. 

ഷോപ്പിംഗ് കഴിഞ്ഞ് അല്ലെങ്കില്‍ മറ്റ് കടകള്‍ അടച്ച ശേഷവുമാകും ആളുകള്‍ റസ്റ്ററെന്‍റുകളിലേക്കും കഫേകളിലും പോവുക. തീന്‍മേശകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിലൂടെ കൊവിഡ് പടരുന്നത് തടയാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. 

മഹാമാരിയുടെ ആരംഭം മുതല്‍ വലിയ നഷ്ടമാണ് റസ്റ്ററെന്‍റുകള്‍ക്കും കഫേകള്‍ക്കും ഉണ്ടായിട്ടുള്ളത്. യാത്ര അനുവദിച്ച് കഴിഞ്ഞാല്‍ യാത്രക്കാര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ ദൂരം ഉറപ്പാക്കാന്‍ വിമാനങ്ങള്‍ക്ക് സാധിക്കില്ല. ചില വിമാനങ്ങള്‍ രണ്ട് മണിക്കൂറിലേറെ യാത്രസമയം എടുക്കുകയും ചെയ്യും. എന്നാല്‍, കഫേകളും റെസ്റ്റെറന്‍റുകളും രണ്ട് മീറ്റര്‍ സാമൂഹ്യ അകലം ഉറപ്പാക്കുന്നുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ രണ്ട് മണിക്കൂര്‍ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ തുറന്ന സ്ഥലത്ത് ഹുക്ക അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി  സ്ഥാപന ഉടമകൾ ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News