കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുവാന്‍ ആലോചന

  • 25/05/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്തിലേക്ക്  വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക്  നീക്കുവാന്‍ ആലോചനയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുവൈത്ത് അംഗീകരിച്ച ഓക്സ്ഫോർഡ്,ഫൈസര്‍, ജോൺസന്‍ & ജോൺസന്‍  വാക്സിനുകള്‍  സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ കൊറോണ കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക്  സമര്‍പ്പിച്ചതായും  വാര്‍ത്തകളുണ്ട്. അതേസമയം  ആഗോള തലത്തിലെ  കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ആഴ്ച തോറും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതിനിടെ ഇന്ത്യയടക്കമുള്ള അതീതീവ്ര കോവിഡ് വ്യാപനം നടക്കുന്ന രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള സാധ്യത വിരളമാണെന്ന് ട്രാവല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്​ചത്തേക്കായിരുന്നു വിദേശികൾക്ക്​ കുവൈത്തിൽ പ്രവേശന വിലക്ക്​ ഏർപ്പെടുത്തിയത്. പിന്നീട് കോവിഡ്​ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്​ നിയ​ന്ത്രണം നീട്ടിയത്. രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തതിന് മുമ്പ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബൈ ഉള്‍പ്പെടെ ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീന്‍ ഇരുന്നായിരുന്നു ആളുകള്‍ വന്നിരുന്നത്. നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.

കുവൈത്തിലേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും  ആരോഗ്യ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും നയതന്ത്ര പ്രതിനിധികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടാതെ സ്വദേശികളുടെ വീട്ടുജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ലായിരുന്നു. എന്നാല്‍ ഇന്ത്യയിലെ  കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ആരോഗ്യ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും തല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

രാജ്യത്ത് ഇതുവരെയായി 20 ലക്ഷത്തിലേറെ പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ട്. അതോടപ്പം പ്രതിദിന കേസുകളും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരുന്നത് ശുഭ സൂചകമായാണ് ആരോഗ്യ വൃത്തങ്ങള്‍ കാണുന്നത്. വാക്‌സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിലെത്തിയും കുത്തിവയ്പ്പ് നൽകുന്നതിനുള്ള മൊബൈൽ വാക്സിനേഷൻ യൂനിറ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ വാക്‌സിനേഷൻ ക്യാമ്പ് കൂടുതൽ ശക്തമാക്കുന്നതിലൂടെ സെപ്തംബറില്‍ സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. 

Related News