ഓക്സ്ഫഡ് രണ്ടാം ഡോസ് കാലതാമസം; മുന്നറിയിപ്പുമായി കുവൈത്തിലെ സാംക്രമികരോഗ വിദഗ്ധന്‍.

  • 26/05/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്‍റെ വരവോടെ രണ്ടാം ഡോസ് ഓക്സ്ഫഡ് വാക്സിന്‍ നല്‍കുന്നതിലെ വൈകല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അദാൻ ആശുപത്രിയിലെ സാംക്രമികരോഗ വിദഗ്ധന്‍ ഗെനം അല്‍ ഹുജൈലന്‍. ആദ്യ ഡോസ് ലഭിച്ച ശേഷം രണ്ടാം ഡോസിനായി മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. 

രാജ്യത്ത് എത്തിയ ഓക്സ്ഫഡ് ആസ്ട്രസെനഗ വാക്സിന്‍റെ ഫലപ്രാപ്തി പരിശോധനകൾ പൂര്‍ത്തിയാക്കി അടുത്ത രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡോസ് വാക്സിന്‍ ഒരിക്കലും ശരീരത്തിന് പൂര്‍ണ സംരക്ഷണം നല്‍കുകയില്ല. ജനിത മാറ്റം വന്ന കൊവിഡ് വരുന്ന സാഹചര്യത്തില്‍ പലരും വീണ്ടും വൈറസിന്‍റെ പിടിയിലാകും. 

മാര്‍ച്ച് 22 വരെയുള്ള കണക്കുകള്‍ പ്രകാരം 500,000 പേര്‍ക്കായിരുന്നു ഓക്സഫഡ് വാക്സിന്‍ നല്‍കിയിരുന്നത്. കൃത്യമായ സമയത്ത് രണ്ടാം ഡോസും നല്‍കിയില്ലെങ്കില്‍ പ്രതിരോധശേഷി കുറയാനും ഇവര്‍ക്ക് വൈറസ് ബാധിക്കാനും സാധ്യതയുണ്ട്. കുവൈത്തില്‍ ഇതുവരെ ബ്ലാക്ക് ഫംഗസിന്‍റെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഗെനം അല്‍ ഹുജൈലന്‍ അറിയിച്ചു.

Related News