ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നു; പുതിയ ഐടി നിയമങ്ങൾക്കെതിരെ വാട്‌സ്ആപ്പ് കേസ് ഫയൽ ചെയ്തു

  • 26/05/2021

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽമീഡിയ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനുള്ള പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചു. ഇത് ഉപയോക്താക്കൾക്കുള്ള സ്വകാര്യത പരിരക്ഷ ലംഘിക്കാൻ നിർബന്ധിതമാക്കുന്നുവെന്ന് കാണിച്ചാണ് വാട്‌സ്ആപ്പ് ഡെൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

വാട്‌സ്ആപ്പ് നൽകുന്ന സേവനത്തിൽ അയച്ച സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ചട്ടം ജനങ്ങളുടെ സ്വകാര്യത നയത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് കേസ് ന്ൽകിയിരിക്കുന്നത്.

സാമൂഹ്യ മധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള പുതിയ നിയമങ്ങൾ അംഗീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വാട്‌സ്ആപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത.

വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തകർക്കുന്നതാണ് കേന്ദ്ര സർക്കാർ നിർദ്ദേശമെന്ന് വാട്‌സ്ആപ്പ് പറയുന്നു. സന്ദേശങ്ങളുടെ ഉറവിടം രേഖപ്പെടുത്തുക എന്നതിനർത്ഥം ഓരോ സന്ദേശത്തിന്റെയും വിരലടയാളം സൂക്ഷിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമാണ്, അടിസ്ഥാനപരമായി ആളുകളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യും,- വാട്‌സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു.

പുതിയ ചട്ടങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ചകൾ തുടരുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. നിയമപരമായ കാര്യങ്ങളിൽ കമ്പനിയുടെ കൈവശമുള്ള വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും വാട്‌സ്ആപ്പ് പറയുന്നു. ഇന്ത്യയിൽ 400 ദശലക്ഷം ഉപയോക്താക്കളുള്ള ആപ്ലിക്കേഷനാണ് വാട്‌സആപ്പ്.

Related News