കൊവിഷീല്‍ഡ് വാക്‌സിൻ സ്വീകരിച്ചവർക്കും പ്രവേശനം ? ; യാത്രക്കാര്‍ 'കുവൈത്ത് ട്രാവലര്‍', 'ഷ്ലോനാക്ക്' ആപ്പുകളില്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം.

  • 27/05/2021

കുവൈത്ത് സിറ്റി: കുവൈത്ത് വിടുന്നവരും എത്തുന്നവരും നിര്‍ബന്ധമായി 'കുവൈത്ത് ട്രാവലര്‍', 'ഷ്ലോനാക്ക്' ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച എല്ലാ പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. 

ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ ഉള്‍പ്പെടെ നാല് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അതേസമയം, കുവൈത്ത് അംഗീകരിക്കാത്ത വാക്സിന്‍ സ്വീകരിച്ച് എത്തുന്നവരെ ഡിജിസിഎ അനുവദിക്കുന്നില്ല. 

ഫൈസര്‍, ഓക്സ്ഫഡ് ആസ്ട്രസെനഗ (വാക്സ്‍സെവറിയ, കൊവിഷീല്‍ഡ്), മോഡേണ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത് എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, എന്നാൽ കൊവിഷീല്‍ഡ് അംഗീകരിച്ചതായി DGCA അറിയിപ്പുനല്കിയിട്ടില്ല.  

അതോടൊപ്പം  വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമൂഹം ഉന്നയിക്കുന്ന ആശങ്കകള്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു. എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശം അനുവദിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകുമെന്നും, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ രാജ്യക്കാരും നേരിടുന്ന പ്രശ്നമാണെന്നും അംബാസഡർ സൂചിപ്പിച്ചു.  ഇത്‌ സംബന്ധിച്ച്‌ അധികാരികളിൽ നിന്നും കൂടുതൽ വ്യക്തതയും നിർദ്ദേശങ്ങളും ലഭിക്കുന്ന മുറക്ക്‌ ഇന്ത്യൻ സമൂഹത്തെ അറിയിക്കുമെന്നും  സ്ഥാനപതി വ്യക്തമാക്കി. 

Related News