കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ്, രക്തസാക്ഷികൾക്ക് 10 മാസത്തെ ശമ്പളം; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി.

  • 27/05/2021

കുവൈത്ത് സിറ്റി:  കൊവിഡ് മഹാമാരിയെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അംഗീകാരമായി ബോണസ് നല്‍കാന്‍ കുവൈത്ത് ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ആരോഗ്യ പ്രവര്‍ത്തകരെയും  അവരുടെ ത്യാഗങ്ങളെയും ബഹുമാനിക്കുന്നതിന്റെ  ഭാഗമായാണ് ബോണസ് നല്‍കുന്നതെന്ന് ധനമന്ത്രി ഖലീഫ് ഹമദ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ കാര്യങ്ങളെ കുറിച്ച് അജ്ഞാതമായ അവസരത്തിലും ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗവും പരിശ്രമങ്ങളും അംഗീകാരം അര്‍ഹിക്കുന്നതാണ്.  2020 ഫെബ്രുവരി 24 മുതൽ അതേ വർഷം മെയ് 31 വരെയുള്ള കാലയളവാണ് ബോണസിനായി പരിഗണിക്കുന്നത്. 600 മില്യണ്‍ ദിനാറാണ് ആകെ മുല്യം കണക്കാക്കപ്പെടുന്നത്. 

ആരോഗ്യ പ്രവര്‍ത്തകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗം ആരോഗ്യ, ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍നിര പോരാളികളാണ്. രണ്ടാമത്തെ വിഭാഗം സിവില്‍ സര്‍വീസ് ബ്യൂറോയുടെ സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാരാണ്. മൂന്നാമത്തെ വിഭാഗം പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കിയ തൊഴിലാളികളാണ്. 

ഇത് കൂടാതെ രണ്ട് വിഭാഗങ്ങളിലായി പ്രത്യേക ബഹുമതിയും നല്‍കുന്നുണ്ട്. മേല്‍പ്പറഞ്ഞ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട് ജോലിയുടെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചവരാണ് ആദ്യത്തേത്. കുവൈത്ത് ഇവരെ രക്തസാക്ഷികളായാണ് കാണുന്നത്. ഇതില്‍ കുവൈത്തികള്‍ അല്ലാത്തവര്‍ക്ക് അവരുടെ ശമ്പളത്തിന്‍റെ പത്തിരട്ടി നല്‍കും. 

രണ്ടാമത്തെ പ്രത്യേക വിഭാഗം അവരുടെ ജോലിയുടെ ഭാഗമായി കൊവിഡ് ബാധിക്കപ്പെട്ടവരാണ്.  അവര്‍ക്ക് രോഗമുക്തി നേടും വരെ ശമ്പളത്തിന്‍റെ രണ്ടിരട്ടിയോ 8000 കുവൈത്തി ദിനാറോ നല്‍കും. ഏതാണോ കൂടുതല്‍ അതാവും ലഭിക്കുക. ബോണസ് കണക്ക് കൂട്ടുന്നത് ഇങ്ങനെയാണ്: ആദ്യ വിഭാഗം (ഉയര്‍ന്ന റിസ്ക്ക് - പ്രതിദിന വേതനത്തിന്‍റെ രണ്ടിരട്ടി, ശരാശരി റിസ്ക്ക് - പ്രതിദിന വേതനത്തിന്‍റെ ഒന്നര ഇരട്ടി), രണ്ടാമത്തെ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ആദ്യ വിഭാഗത്തിലുള്ളവര്‍ക്ക് പാരതോഷികം നല്‍കുന്നതിന്‍റെ 50 ശതമാനമാണ് ലഭിക്കുക. 

മൂന്നാമത്തെ വിഭാഗത്തിലുള്ളവര്‍ക്ക് ആദ്യ വിഭാഗത്തിലുള്ളവര്‍ക്ക് പാരതോഷികം നല്‍കുന്നതിന്‍റെ 25 ശതമാനവും ലഭിക്കും. എത്രയും വേഗം പാരതോഷികം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു,  തീരുമാനത്തെത്തുടർന്ന് കോവിഡ് പോരാളികളെ ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ അൽ സബാ അഭിനന്ദിച്ചു .

Related News