ആസ്ട്രാസെനെക്ക വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസായി ഫൈസർ വാക്സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

  • 27/05/2021

കുവൈത്ത് സിറ്റി : ആസ്ട്രാസെനെക്ക വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസായി ഫൈസർ വാക്സിന്‍ സ്വീകരിക്കാമെന്ന് പഠനങ്ങള്‍. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതീക്ഷിച്ചത്ര വാക്‌സിന്‍ ഡോസുകള്‍ എത്താതായതോടെ പ്രതിസന്ധിയിലായ രാജ്യങ്ങള്‍ക്ക് ആശ്വാസകാവുകയാണ് പുതിയ പഠന റിപ്പോര്‍ട്ട്. നേരത്തെ ലക്ഷക്കണക്കിന് ആസ്ട്രാസെനെക്ക വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക്  കയറ്റുമതി ചെയ്തെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  കേന്ദ്ര സര്‍ക്കാര്‍  നിയന്ത്രണങ്ങള്‍ കടുപ്പിക്കയും വാക്സിന്‍ ലഭ്യത കുറയുകയുമായിരുന്നു.അതോടപ്പം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന് ഡിമാന്റ് കൂടിയതും വാക്‌സിന്‍ വിതരണം വൈകുവാന്‍ കാരണമാകുന്നതായി നിര്‍മാതാക്കളായ ആസ്ട്രാസെനക്ക അറിയിച്ചു. 

ആസ്ട്രാസെനെക്ക വാക്സിന്‍ ഒന്നാം ഡോസ്   എടുത്തവര്‍ക്ക് നിശ്ചിത ഇടവേള കഴിഞ്ഞിട്ടും രണ്ടാം ഡോസ് കൊടുക്കാനാവാത്ത സ്ഥിതിയിലാണ് കുവൈത്തിലെ  ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്നതിനെ കുറിച്ച് ആരോഗ്യ  മന്ത്രാലയം ഗൗരവത്തോടെ ആലോചിക്കുന്നതിനിടെയാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. രണ്ട് തരം  വാക്സിനുകള്‍ സ്വീകരിക്കുന്നത് കോവിഡിനെതിരായ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് ആഗോള പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. 

ഇത് സംബന്ധമായ ലേഖനം പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ദി ലാൻസെറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളായ ഓക്സ്ഫോർഡും നോട്ടിംഗ്ഹാം സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് പുതിയ വിവരങള്‍ കണ്ടെത്തിയത് . ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസ് സ്വീകരിച്ച 460 ളം പേരില്‍ ഏട്ടാഴ്ചക്ക് ശേഷം ഫൈസര്‍ വാക്സിന്‍ കുത്തിവെക്കുകയും  തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ രോഗ പ്രതിരോധ ശേഷി കൂടുന്നതായി കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  സ്പെയ്നിലെ കാര്‍ലോസ് ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ  ഗവേഷകര്‍  നടത്തിയ പഠനത്തിലും  ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട് . 

വാക്‌സിനുകൾ മിശ്രിതമാക്കുന്നത്  സാധ്യമാണോ, പ്രതിരോധശേഷി വർദ്ധിപ്പിക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ്  ആഗോള മെഡിക്കൽ സമൂഹമെന്നും എങ്കിലും പുതിയ പഠന റിപ്പോര്‍ട്ടുകളിലെ ഫലങ്ങള്‍ ആശാവഹമാണെന്നും  ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ പീറ്റർ കോളിഗൺ പറഞ്ഞു. ലബോറട്ടറി പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്റിബോഡി ഡാറ്റയെ മാത്രം ആശ്രയിക്കുന്നതിനുപകരം പ്രായോഗികമായി ഹൈബ്രിഡ് വാക്സിനേഷന്റെ ഉപയോഗം നടത്തിയാലേ ഈ വിഷയത്തില്‍ ആധികാരികമായി പറയുവാന്‍ സാധിക്കുകയുള്ളോവെന്ന് പ്രൊഫസർ കോളിഗൺ ചൂണ്ടിക്കാട്ടി.

Related News