അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാം; സ്ഥാനപതി ജാസിം അല്‍ നജീം.

  • 02/05/2020

കുവൈറ്റ് സിറ്റി : അനധികൃത താമസക്കാരുൾപ്പടെ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം. ചെലവെല്ലാം തങ്ങള്‍ തന്നെ വഹിച്ചോളാമെന്നാണ് കുവൈത്തിന്റെ നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. നിലവിൽ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലേക്ക്‌ പോകാൻ കാത്തിരിക്കുന്നവർക്ക്‌ കുവൈത്ത്‌ സൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും നൽകുന്നുണ്ട്, കുവൈത്തിൽ കൊറോണ വൈറസ്‌ ബാധിതരാകുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്, ഈ ഒരു സാഹചര്യത്തിൽ രാജ്യത്തു നിന്നും പരമാവധി വിദേശികളെ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഏറെ സമ്മർദ്ദം കുറക്കാൻ കഴിയുമെന്നാണു കുവൈത്ത്‌ കരുതുന്നത്‌. ഈ സാഹചര്യത്തിൽ ആണു കുവൈത്ത്‌ ഇന്ത്യക്ക്‌ ഇത്തരമൊരു വാഗ്ദാനം നൽകിയത്‌ എന്നാണു സൂചന. ഇന്ത്യയുടെ അനുമതി ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂർണ്ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതൽ ദൗത്യം ആരംഭിക്കാമെന്നാണ് കുവൈറ്റ് അറിയിച്ചിരിക്കുന്നത്.

Related News