രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി: സുപ്രിം കോടതി

  • 31/05/2021

ന്യൂഡെൽഹി: രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായിയെന്ന് സുപ്രിം കോടതി. ആന്ധ്രാപ്രദേശിലെ ചാനലുകൾക്കെതിരായ കേസിലാണ് കോടതിയുടെ പരാമർശം. തെലുങ്ക് ചാനലുകളായ ടിവി5 ന്യൂസ്, എബിഎൻ ആന്ധ്രാ ജ്യോതി എന്നീ ചാനലുകൾക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകൾ സുപ്രീം കോടതിയിൽ റിട്ട് നൽകുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ വിലയിരുത്തികൊണ്ടാണ് രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായിയെന്ന് ജസ്റ്റീസ് ചന്ദ്രചൂഢിന്റെ ബഞ്ച് നിരീക്ഷിച്ചത്. ചാനലുകൾക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്ത നടപടി സുപ്രീം കോടതി തടഞ്ഞു.

ആന്ധ്രപ്രദേശ് സർക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കുന്ന വിധമുള്ള പ്രവൃത്തിയാണെന്ന് നിരീക്ഷിച്ച കോടതി മാധ്യമ സ്വാതന്ത്ര്യത്തെ കവർന്നെടുക്കാനുള്ള ശ്രമമാണ് ആ്ന്ധ്രാ പൊലീസ് നടത്തിയതെന്നും പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പരാമർശം) എന്നീ വകുപ്പുകൾ പുനർ നിർവചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചു.
‘മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ കണക്കിലെടുത്ത് 124എ, 153 എന്നീ വകുപ്പുകൾക്ക് കൂടുതൽ വ്യാഖ്യാനങ്ങൾ വരേണ്ടതുണ്ട്,’- കോടതി ഉത്തരവിൽ പറയുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിക്കുകയോ സോഷ്യൽ മീഡിയയിലൂടെ വൈദ്യ സഹായം അഭ്യർത്ഥിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതിഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് തങ്ങൾക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് ചാനലുകൾ സുപ്രീം കോടതിയെ സമീപിച്ചത്.

ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസിന്റെ വിമത എം പിയായ കനുമുരി രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് രണ്ടു ചാനലുകൾക്ക് എതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

Related News