വ്യത്യസ്ത കൊവിഡ് വാക്‌സിനുകള്‍ മിശ്രിതമാക്കി പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

  • 31/05/2021

ന്യൂഡല്‍ഹി: വ്യത്യസ്ത കൊവിഡ് വാക്‌സിനുകള്‍ മിശ്രിതമാക്കി നല്‍കി പരിശോധന നടത്തുമെന്ന് കേന്ദ്ര പകര്‍ച്ചവ്യാധി പ്രതിരോധ ഉപദേശക സമിതി. രാജ്യത്ത് ലഭ്യമായ കൊവിഡ് വാക്‌സിനുകളും വരാനിരിക്കുന്ന വാക്‌സിനുകളും കലര്‍ത്തിയാണ് പരിശോധിക്കുകയെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ എ അറോറ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. വാക്‌സിന്‍ കലര്‍ത്തുന്നതുവഴി കൊവിഡ് വൈറസിനോടുള്ള പ്രതിരോധം വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച തന്നെ തുടര്‍നടപടികള്‍ ആരംഭിക്കും. എട്ടോളം വാക്‌സിനുകളെ ഇത്തരത്തില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്ക് 5 എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍.

ഐസിഎംആറും വാക്‌സിന്‍ നിര്‍മിച്ച കമ്ബനികളും ചേര്‍ന്നാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുക. വാക്‌സിനുകള്‍ ഓരേ സമയം നല്‍കണമോ അതോ ആദ്യം ഒരു വാക്‌സിന്‍ പിന്നീട് രണ്ടാം ഡോസായി അടുത്ത വാക്‌സിന്‍ എന്നിങ്ങനെയാണോ എന്നത് വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുക. അക്കാര്യം വ്യക്തമല്ല. വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നതിനെ കുറിച്ച്‌ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പിലും നാഷണല്‍ എക്‌സ്പര്‍ട്ട് ഗ്രൂപ്പിലും ചര്‍ച്ച ചെയ്തിരുന്നു.

രാജ്യത്ത് ആറ് വാക്‌സിനുകളാണ് അനുമതിക്കായി കാത്തിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവാക്‌സ്, ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സ്, സിഡസ് കാഡിലയുടെ സൈക്കൊവ് ഡി, ജെന്നോവയുടെ എംആര്‍എന്‍എ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ബയോ ഇ, ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ തുടങ്ങിയവാണ് വരാനിരിക്കുന്നത്. ഫൈസറിന്റെ വാക്‌സിന്‍ ഈ വര്‍ഷം അവസാനം വരുമെന്നാണ് കരുതുന്നത്.

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ സംയോജിപ്പിക്കുന്നതിലൂടെ എന്താണ് സംഭവിക്കുകയെന്നതിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പഠനം നടക്കുന്നുണ്ടെന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത് ചെയര്‍പേഴ്‌സണ്‍ ഡോ. ദാസ് ഗുപ്ത പറഞ്ഞു. ഇത്തരത്തില്‍ കലര്‍ത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ച്‌ നിലവില്‍ കൂടുതല്‍ കാര്യങ്ങളൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.

Related News