വ്യത്യസ്ത കൊറോണ വാക്സിനുകൾ കൂട്ടികലർത്തില്ല'; വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

  • 01/06/2021

ന്യൂഡൽഹി: കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനായി എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ തന്നെ നൽകുമെന്നറിയിച്ച്‌ കേന്ദ്ര സർക്കാർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച്‌ നിലവിലിരിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യർ തന്നെ പിന്തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.

വ്യത്യസ്ത കൊറോണ വാക്സിനുകളുടെ ഡോസുകൾ തമ്മിൽ കൂട്ടികലർത്തുകയില്ലെന്നും ഇത് സംബന്ധിച്ച്‌ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു. കൊവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകുകയില്ലെന്ന് കേന്ദ്ര സർക്കാരിന് കീഴിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

ഇതിനു പുറകെയാണ് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. കൊവാക്സിൻ, കൊവിഷീൽഡ്‌ വാക്സിനേഷൻ ഷെഡ്യൂളുകളിൽ കേന്ദ്രം യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗവും കേന്ദ്രത്തിന് കീഴിലുള്ള കൊറോണ ടാസ്ക് ഫോഴ്സിലെ പ്രധാനാംഗവുമായ ഡോ. വി കെ പോൾ പറയുന്നു.

എല്ലാവരും കേന്ദ്രത്തിന്റെ വാക്സിൻ ഷെഡ്യൂൾ തന്നെ പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വ്യത്യസ്ത കൊറോണ വാക്സിനുകൾ ഒരേയാൾക്ക് നൽകുന്നത് രോഗത്തിനെതിരെ കൂടുതൽ ഫലപ്രദമാണോ എന്ന കാര്യത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് കേന്ദ്രം നിയമിച്ച കൊറോണ വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. എൻ കെ അറോറയും അറിയിച്ചിട്ടുണ്ട്.

Related News