സ്വകാര്യമേഖലയിലും സ്വദേശിവല്‍ക്കരണം; കുവൈറ്റ് ആരോഗ്യ വകുപ്പില്‍ കൂട്ട പിരിച്ച് വിടല്‍.

  • 02/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കുവൈറ്റൈസേഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി 169 പ്രവാസി ജീവനക്കാരെ ആരോഗ്യ മന്ത്രാലയം പിരിച്ചുവിട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യവകുപ്പിൽ ഭരണനിർവഹണ വിഭാഗത്തില്‍ ജോലി ചെയ്തവരോടാണ് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 30 ന് മുൻപു പിരിയാൻ നോട്ടിസ് നൽകിയത്.അതേ സമയം വിദേശി  ഡോക്ടർമാരെയും നഴ്‌സുമാരെയും നിലനിര്‍ത്തും. എഞ്ചിനീയറിംഗ്, സാമൂഹിക, വിദ്യാഭ്യാസ, കായിക സേവനങ്ങൾ,വിവര സംവിധാനങ്ങളും സാങ്കേതികവിദ്യയും, സമുദ്ര ജോലികൾ, മാധ്യമങ്ങൾ, സാഹിത്യം, കല, പബ്ലിക് റിലേഷൻസ്, സാമ്പത്തിക, നിയമം തുടങ്ങിയ മേഖലപൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുവാന്‍ തീരുമാനിച്ചതായും വാര്‍ത്തകളുണ്ട്.  

അതോടപ്പം സ്വകാര്യമേഖലയിലും വലിയതോതില്‍ കുവൈറ്റൈസേഷന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമൊരുക്കി സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതായി നിരവധി പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന് സ്വദേശികളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിനു പുറമേ സര്‍ക്കാര്‍ പ്രത്യേക അലവന്‍സും സ്വദേശികള്‍ക്ക് നല്‍കുന്നതാണ്.അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നിക്കല്‍, എഞ്ചിനീയറിംഗ്, സേവന മേഖലകളില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരണം കൊണ്ടുവരാനാണ് കുവൈത്ത് ഭരണകൂടം പദ്ധതിയിടുന്നത്. 2021-2022 വര്‍ഷത്തോടെ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് കുവൈത്ത് മുന്‍പുതന്ന പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശികളല്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞതായാണ് വിവരം.

Related News