കുവൈത്തിൽ കോഴിമുട്ട ഉത്പാദനം പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയതായി അധികൃതര്‍.

  • 02/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് മുട്ട ഉത്പാദനം ക്രമേണ പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആന്‍ഡ് ഫിഷ് റിസോഴ്‌സസ് വക്താവ് തലാല്‍ അല്‍ ദൈഹാനി അറിയിച്ചു. കുവൈത്തില്‍ ഉത്പാദിപ്പിക്കുന്ന മുട്ടകള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. 

ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിപണിയിലെ ഈ തിരിച്ചുവരവ്. പക്ഷിപ്പനി മൂലം വലിയ നഷ്ടമാണ് ഉണ്ടായിരുന്നത്. പ്രതിദിനം 500 കാര്‍ട്ടണുകള്‍ എന്ന നിലയില്‍ പ്രാദേശിക മുട്ട ഉത്പാദനം എത്തിയതായായും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

അടുത്ത മാസത്തോടെ പ്രതിദിനം ആയിരം കാര്‍ട്ടണുകളായി ഉത്പാദനം കൂട്ടാമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിനേഷന്‍ നല്‍കിയും ഫാമുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തിയും അതോറിറ്റി ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News