ഇന്ത്യയിലെ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ

  • 03/06/2021

ന്യൂ ഡെൽഹി: സെർച്ച്‌ എൻജിൻ മാത്രമായതിനാൽ ഇന്ത്യയിൽ നടപ്പിലാക്കുന്ന പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന വാദവുമായി ഗൂഗിൾ ഡെൽഹി ഹൈക്കോടതിയിൽ. തങ്ങൾ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാധ്യമ ഇടനിലക്കാരല്ലെന്നും അതിനാൽ ഐ.ടി. ചട്ടം ബാധകമല്ലെന്നുമാണ് അമേരിക്കൻ കമ്പനിയായ ഗൂഗിൾ അറിയിച്ചത്.

കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗൂഗിൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്രത്തിന്റെ മറുപടി തേടി. കേസ് ജൂലായ് 25-ന് വീണ്ടും പരിഗണിക്കും.

യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിൽ നിന്ന് നീക്കാൻ കോടതിയുത്തരവുണ്ടായിട്ടും പൂർണമായും നീക്കിയില്ലെന്ന പരാതിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വേൾഡ് വൈഡ് വെബ്ബിൽനിന്ന്‌ ചിത്രം പൂർണമായും നീക്കിയിട്ടില്ലെന്നും മറ്റുപല വെബ്‌സൈറ്റുകളിലും ചിത്രം പ്രചരിക്കുന്നുണ്ടെന്നുമാണ് സ്ത്രീ പരാതിപ്പെട്ടത്. തുടർന്നാണ് ഗൂഗിളിനോട് ചിത്രം നീക്കാൻ ഏപ്രിൽ 20-ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

ഇതേ തുടർന്ന് തങ്ങൾ സാമൂഹിക മാധ്യമ ഇടനിലക്കാരാണെന്ന സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം റദ്ദാക്കണമെന്ന് ഗൂഗിൾ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ പരാതിയിൽ മറുപടി പറയാൻ കേന്ദ്രത്തിന് പുറമേ ഡെൽഹി സർക്കാർ, ഫേസ്‌ബുക്ക് , ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, അശ്ലീല വെബ്‌സൈറ്റ്, പരാതിക്കാരി എന്നിവരോടും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

Related News