ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂർത്തിയാക്കി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ

  • 03/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ  കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന് ഊര്‍ജ്ജമായി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ വഴി ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍  നല്‍കിയതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍ക്കാണ് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ വാക്സിനുകള്‍ നല്‍കിയത്. വിവിധ  വ്യാപാര മാളുകളിലും  മത്സ്യ മാർക്കറ്റിലുമായി 75,000 തൊഴിലാളികൾക്കും  സഹകരണ സംഘങ്ങളിലേയും  പള്ളികളിലേയും ജീവനക്കാരായ 35,000 പേര്‍ക്കും  സലൂണുകൾ, നഴ്സറികൾ, പച്ചക്കറി വിപണി, റെസ്റ്റോറന്റ് ഡെലിവറി തൊഴിലാളികൾ, ഉപഭോക്തൃ വിതരണ കമ്പനികള്‍ തുടങ്ങിയ മേഖലയില്‍ ജോലിചെയ്യുന്ന 20,000 ത്തോളം തൊഴിലാളികൾക്കും  വാക്സിനേഷൻ നൽകിയതായി അധികൃതര്‍ അറിയിച്ചു. 

രാജ്യത്തെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി നിലവിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനകം 20 ലക്ഷം പേര്‍ക്ക് കുത്തിവെയ്പ്പ് നടത്തിയതായും പ്രതിദിനം 30,000 ത്തോളം പേരെ കുത്തിവെയ്പ്പ് നടത്താന്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.മുന്‍ഗണന വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക്  ഇതിനകം തന്നെ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്.  മൊബൈല്‍ യൂണിറ്റിന്റെ സേവനം ആവശ്യമുള്ള സ്ഥാപനങ്ങള്‍   ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യണം.

Related News