ആശ്വാസം;ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു;

  • 07/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്.ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നത്.  രാജ്യത്തെ  ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് വലിയ ആശ്വാസം പകരുന്നതാണിത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നത് ഐ.സി.യു, വെന്റിലേറ്ററുകളുടെ ലഭ്യതയിൽ രാജ്യം നേരിട്ട കടുത്ത പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുന്നതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.  പ്രതിരോധ കുത്തിവയ്പ് നടത്തിയവരുടെ എണ്ണം കൂടിയതും കര്‍ശന നിയന്ത്രണങ്ങളുമാണ് ഇപ്പോയത്തെ നേട്ടത്തിന് കാരണം. അതിനിടെ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസത്തിനു വകനല്‍കുന്നതാണെങ്കിലും ജാഗ്രത ഇനിയും ശക്തിപ്പെടുത്തുകതന്നെ വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഇരുന്നൂറില്‍ നിന്നും നൂറും നുറ്റിയമ്പതുമായാണ് കുറഞ്ഞിരിക്കുന്നത്. കോവിഡ് വാക്സിനേഷനും ത്വരിതഗതിയിലാണ് മുന്നേറുന്നത്. ഇതുവരെയായി 26 ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാമുഹ്യ പ്രതിരോധ ശേഷി കൈവരിക്കുവാന്‍ സാധികുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓക്സ്ഫോർഡ് ആസ്ട്രാസെങ്ക വാക്സിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 


നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ രാജ്യത്ത്  രോഗവ്യാപനത്തിനു ശമനം വന്നുതുടങ്ങിയെന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുടെ എണ്ണം കുറയുന്നത് ആശുപത്രി സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിനും ഏറെ ആശ്വാസം പകരുന്നതാണെന്നു ആരോഗ്യ അധികൃതര്‍ പറഞ്ഞു. രാജ്യത്തെ  ആശുപത്രികളിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ സ്ഥിതി പൂര്‍ണ തൃപ്തികരമാണ്. കോവിഡ് രോഗികള്‍ക്കായി മാത്രമായി വാര്‍ഡുകള്‍  നീക്കിവച്ചിരിക്കുന്നതില്‍ ആശുപത്രികളില്‍ കിടക്കകള്‍ ഇപ്പോള്‍ ഒഴിവുണ്ട്. ഐ.സി.യു. സംവിധാനങ്ങളും വെന്റിലേറ്ററുകളും നിലവില്‍ പര്യാപ്തമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.പ്രതിദിന രോഗികളുടേയും ചികിത്സയിലുള്ള രോഗികളുടേയും എണ്ണം കുറയുന്നുണ്ടെങ്കിലും രാജ്യം  രോഗഭീതിയില്‍നിന്നു മുക്തമായിട്ടില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ അല്‍പ്പംപോലും ഇളവു നല്‍കാന്‍ സമയമായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യങ്ങളിലടക്കം കോവിഡ് വീണ്ടും പടരുന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്.  അതിനാല്‍ ജാഗ്രത ശക്തമാക്കുന്നതില്‍ പൊതുജനങ്ങള്‍ തുടര്‍ന്നും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News