ഓക്സ്ഫോർഡ് അസ്ട്രാസെനെക്കയുടെ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് ഫൈസർ വാക്സിൻ തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നു.

  • 07/06/2021

കുവൈത്ത് സിറ്റി : അസ്ട്രാസെനെക്ക രണ്ടാം ഡോസിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നതിനിടെ രണ്ടാം ഡോസായി ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുവാന്‍   അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സ്‌ഫോഡ് വാക്‌സിന്റെ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ്  രണ്ടാം ഡോസായി ഫൈസര്‍ നല്‍കുവാന്‍ തീരുമാനിച്ചത്.  അസ്ട്രാസെനെക്ക വാക്‌സിന്‍ ക്ഷാമം കാരണം രണ്ടാം ഡോസ് വൈകുന്നത് രാജ്യത്ത്  വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഓക്സ്ഫോർഡ് വാക്‌സിന്‍ ഒന്നാം ഡോസായി എടുത്ത മൂന്നു ലക്ഷത്തിലേറെ പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നത്. അതിനിടെ രാജ്യത്ത് മാത്രമല്ല മേഖലയിലെ മുഴുവന്‍ രാജ്യങ്ങളും ഓക്സ്ഫോർഡ് വാക്സിൻ കയറ്റുമതി വൈകുന്നത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കുവൈത്ത് ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആരോഗ്യമന്ത്രി  ഡോ. ബേസിൽ അൽ സബ പറഞ്ഞു. 

ലോകത്തിലെ മൊത്തം വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ 75 ശതമാനവും 10 രാജ്യങ്ങളിലേക്കും  ബാക്കി 25 ശതമാനം മാത്രമാണ്  മറ്റു  രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഓക്‌സ്‌ഫോഡ് വാക്‌സിന്റെ ബാച്ചുകള്‍  മെയ് 10ന് തന്നെ കുവൈറ്റില്‍ എത്തിയിരുന്നുവെങ്കിലും വാക്സിന്‍റെ  സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അതിന്റെ വിതരണം തടസ്സപ്പെട്ടത്. വാക്‌സിന്റെ വിവിധ ഘട്ടങ്ങളിലെ സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ ആസ്ട്രാസെനക്ക കുവൈറ്റിന് കൈമാറിയിട്ടില്ല.  പേപ്പറുകള്‍ കൈമാറുമെന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനി അറിയിച്ചിരുന്നുവെങ്കിലും  സാങ്കേതിക കാരണങ്ങളാല്‍  വീണ്ടും വൈകുകയായിരുന്നു . കമ്പനിയുടെ റഷ്യന്‍ പ്ലാന്റില്‍ നിന്ന് നിര്‍മിച്ചതാണ് മൂന്നാം ഷിപ്പ്‌മെന്റിലെ വാക്‌സിന്‍.

Related News