ജോൺസൺ & ജോൺസൺ വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി

  • 08/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. നെതർലാൻഡിലെ ജോൺസൺ & ജോൺസന്റെ ഭാഗമായ ജാൻസെൻ കമ്പനിയാണ്  വാക്സിൻ വികസിപ്പിച്ചെടുത്തത്.ഫൈസറിനും ഓക്സ്ഫോര്‍ഡ് അസ്ട്രാനിക്കക്കും ശേഷം   അടിയന്തര ഉപയോഗത്തിനായി കുവൈത്തില്‍ അംഗീകാരം നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാണ്  ജോൺസൺ ആന്റ് ജോൺസന്‍. ശാസ്ത്രീയ വിവരങ്ങളും മറ്റ് രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലും  വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. 

വാക്സിൻ ഒരൊറ്റ ഡോസ് മാത്രമായിട്ടാണ് എടുക്കുക. കൂടാതെ കടുത്ത അണുബാധയിൽ നിന്ന് ശക്തമായ സംരക്ഷണം നൽകുകയും ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രിമാര്‍ അടങ്ങിയ സാങ്കേതിക സമിതി പരിശോധിച്ചതായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും  അബ്ദുല്ല അൽ ബദർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം കരാറില്‍ ഏര്‍പ്പെട്ടത്. ഈ വര്‍ഷം  അവസാന പാദത്തിൽ മോഡേണ, ജോൺസൺ, ജോൺസൺ വാക്സിനുകൾ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി  ഡോ. ബാസൽ അൽ സബ വ്യക്തമാക്കിയിരുന്നു. 

Related News