വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുവൈത്തിലെത്തി ; പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസി സമൂഹം

  • 09/06/2021

കുവൈറ്റ് സിറ്റി : ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ കുവൈത്തിലെത്തി . വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് എസ്. ജയശങ്കര്‍  കുവൈത്ത്  സന്ദർശിക്കുന്നത് . കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജും കുവൈത്ത്‌ സർക്കാർ പ്രതിനിധികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അന്താരാഷ്‍ട്ര തലത്തിലും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പൊതുവിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത് . 

കുവൈറ്റ് വിദേശകാര്യ മന്ത്രി  ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് എസ്. ജയശങ്കര്‍ കുവൈത്തിലെത്തിയത് . കോവിഡ്​ പശ്ചാത്തലത്തിൽ ഇന്ത്യക്ക്​ നല്‍കുന്ന ​ മെഡിക്കൽ സഹായം  തുടരുന്നനിടെയാണ് വിദേശകാര്യ മന്ത്രിയുടെ കുവൈത്ത്  സന്ദര്‍ശനം.ആഗോള തലത്തില്‍ തന്നെ കോവിഡ് രൂക്ഷമായപ്പോള്‍  ആദ്യം സഹായം വാഗ്​ദാനം ചെയ്​ത രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്. 2800 മെട്രിക്​ ടൺ ഓക്​സിജനും ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കറുകളും  ഓക്​സിജൻ സിലിണ്ടറുകളും ഓക്​സിജൻ കോൺസെൻട്രേറ്ററുകളുമാണ്​ വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന്​ കൊണ്ടുപോയത്​.

പത്ത്  ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക്  ഏര്‍പ്പെടുത്തിയ യാത്ര നിരോധനവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

ഡോ. എസ്.   ജയശങ്കർ ജൂൺ 11 ന് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന  ചെയ്യും, ഇന്ത്യൻ എംബസ്സി ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക്  കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും  ജൂൺ 11 വെള്ളിയാഴ്ച   കുവൈറ്റ് സമയം  6 മണിക്ക് പങ്കെടുക്കുവാൻ  ക്ഷണിക്കുന്നതായി എംബസ്സി അധികൃതര്‍ അറിയിച്ചു. 

Related News